Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു

പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു

ന്യൂഡൽഹി: ബിഹാർ രാഷ്ട്രീയത്തിലെ സുപ്രധാന നേതാക്കളിലൊരാളായ പപ്പു യാദവ് അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നു. യാദവ് തന്റെ ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ കോൺഗ്രസ് ആസ്ഥാന​ത്തെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.

ആർ.ജെ.ഡി നേതാവ് ലാലു​ പ്രസാദ് യാദവുമായി ഈയിടെ പപ്പു യാദവ് കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഏറെ അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു. 2015ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പപ്പു യാദവ് ജൻ അധികാർ പാർട്ടി രൂപവത്കരിച്ചത്. ആ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ് കൂട്ടുകെട്ടിനെതിരെയായിരുന്നു പപ്പു യാദവും കൂട്ടരും നിലയുറപ്പിച്ചിരുന്നത്. ഇപ്പോൾ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അനുഗ്രഹാശിസ്സുകളോടെയാണ് ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതെന്ന് പപ്പു യാദവ് പറഞ്ഞു.

രാഹുൽ ഗാന്ധിക്കുമേൽ പ്രശംസ ചൊരിഞ്ഞ പപ്പു യാദവ് ഇ​പ്പോൾ അ​ദ്ദേഹമല്ലാതെ മറ്റൊരു പകരക്കാരൻ ഇ​ല്ലെന്ന് ചൂണ്ടിക്കാട്ടി. ‘ലാലുജിക്കും കോൺഗ്രസിനുമൊപ്പം 2024ലെയും 2025ലെയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ വിജയക്കൊടി നാട്ടും’ -പപ്പു യാദവ് പറഞ്ഞു.

ജൻ അധികാർ പാർട്ടി രൂപവത്കരിക്കുന്നതിന് മുമ്പ് ആർ.ജെ.ഡി, സമാജ്‍വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി എന്നിവയുടെ ഭാഗമായിരുന്നു പപ്പു യാദവ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ആർ.ജെ.ഡിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ജൻ അധികാർ പാർട്ടി രൂപവത്കരിച്ചത്. ലാലുവുമായി ഒരുവിധത്തിലുള്ള അസ്വാരസ്യങ്ങളുമി​ല്ലെന്ന് പപ്പു യാദവ് പറഞ്ഞു. ചൊവ്വാഴ്ച ലാലുവും മകൻ തേജസ്വി യാദവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാർട്ടിയെ ​കോൺഗ്രസിൽ ലയിപ്പിക്കാൻ പപ്പു യാദവ് തീരുമാനിച്ചത്.

‘ലാലു യാദവും ഞാനുമായുമുള്ളത് രാഷ്ട്രീയ ബന്ധമല്ല, തീർത്തും വൈകാരികമായ ബന്ധമാണത്. ഇന്നലെ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു. ബി.ജെ.പിയെ ഏതുവിധേനയും സീമാഞ്ചലിലും മിഥിലാഞ്ചലിലും തടഞ്ഞുനിർത്തുകയെന്നതാണ് ഞങ്ങളുടെ ഉന്നം. തേജസ്വി ഒന്നര വർഷത്തോളമായി അതിനായി പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധി ജനഹൃദയങ്ങൾ കീഴടക്കുകയും അവർക്ക് പ്രതീക്ഷകളേകുകയും ചെയ്യുന്നു. ഒന്നിച്ചുനിന്ന് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാത്രമല്ല, അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലും ഞങ്ങൾ തകർപ്പൻ ജയം നേടും. ബി.ജെ.പിയെ തകർത്ത് പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വവും ആശയങ്ങളും സംരക്ഷിക്കുകയാണ് പ്രധാനം. ഈ രാജ്യത്തിന്റെ ഹൃദയം കീഴടക്കിയ ആളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകേണ്ടത്’ -പപ്പു യാദവ് വിശദീകരിച്ചു.

അഞ്ചു തവണ പാർല​മെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട് പപ്പു യാദവ്. ഇക്കുറി പൂർണിയയിൽനിന്ന് ജനവിധി തേടുമെന്നാണ് സൂചന. ഭാവിയിൽ ബിഹാർ കോൺഗ്രസിനെ നയിക്കുകയെന്ന നിയോഗം കൂടി പപ്പു യാദവിലെത്തിച്ചേർന്നേക്കും. ഭാര്യ രഞ്ജീൻ കോൺഗ്രസ് നേതാവാണ്. മകൻ സർത്താക് രഞ്ജൻ പ്രൊഫഷനൽ ക്രിക്കറ്ററാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com