ഭാര്യക്ക് അശ്ലീല വീഡിയോ അയച്ചതിന് യുവാവിന് ഒരു മാസം തടവും 45000 രൂപ പിഴയും വിധിച്ച് കോടതി. ഇൻഫോർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഭർത്താവ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. രാജാജിനഗർ സ്വദേശിയും 30കാരനുമായ പ്രതി ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പ്രതിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. 2016 ലാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ പിന്നീട് ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നതിനാൽ വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു. ഇയാൾ തന്റെ സഹോദരിക്ക് ഇ-മെയിൽ വഴി അശ്ലീല വീഡിയോ അയച്ചെന്ന് ആരോപിച്ച് യുവതിയുടെ ഇളയ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിദേശത്തുണ്ടായിരുന്ന ഭാര്യ ബെംഗളൂരുവിൽ എത്തി ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിക്ക് അശ്ലീല വീഡിയോ യുവാവ് അയച്ചതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം അശ്ലീല കമന്റുകളും യുവതിക്ക് ഇയാൾ അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം നേരത്തെ അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്ന സംഭവവും പുറത്തുവന്നിരുന്നു. ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവം. കത്തർഗാം സ്വദേശിയായ കിഷോർ പട്ടേൽ ആണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്. രാത്രി കിഷോർ പട്ടേൽ അശ്ലീല വീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഇത്തരം വീഡിയോ കാണുന്നത് നിർത്തണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനെചൊല്ലി ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായതോടെ യുവാവ് കാജലിനെ ആക്രമിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.