കൊല്ലം: പത്തനാപുരം ഗാന്ധിഭവന് വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ മുതിർന്ന പൗരന്മാർക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. ഭക്ഷണം, മരുന്ന്, ചികിത്സാ ആവശ്യങ്ങൾ എന്നിവയ്ക്കായാണു നൽകിയത്. ആയിരത്തിമുന്നൂറിലേറെ അന്തേവാസികളാണു ഗാന്ധിഭവനിലുള്ളത്.
ഭക്ഷണം, മരുന്ന്, ചികിത്സ, വസ്ത്രം, സേവനപ്രവർത്തകരുടെ ഓണറേറിയം, മറ്റു ചെലവുകൾ അടക്കം ദിവസവും 3 ലക്ഷത്തോളം രൂപയുടെ ചെലവുണ്ടെന്ന് അധികൃതർ പറയുന്നു.ഭക്ഷണം, ചികിത്സ എന്നിവ മുടക്കമില്ലാതെ നടത്താനാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വർഷവും യൂസഫലി നൽകുന്നത്. ഈ തുകയിൽ നിന്ന് ഗാന്ധിഭവന് ഭൂമി വാങ്ങുന്നതിനടക്കം ചെലവഴിച്ചതിനാൽ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായതായി ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.
8 വർഷം മുൻപ് ഗാന്ധിഭവനിലെത്തിയ യൂസഫലി അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞതോടെയാണു സഹായം നൽകിത്തുടങ്ങിയത്. അടുത്തിടെ 15 കോടിയിലധികം രൂപ ചെലവിട്ട് ബഹുനില മന്ദിരം നിർമിച്ചുനൽകി. മറ്റൊരു കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ.ഹാരിസ്, ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തിയാണു സഹായം കൈമാറിയത്.