Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാത്ക്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍ കാനഡ വെട്ടിക്കുറയ്ക്കുന്നു; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

താത്ക്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍ കാനഡ വെട്ടിക്കുറയ്ക്കുന്നു; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഒട്ടാവ: കാനഡയില്‍ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ഒട്ടാവ താത്ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ താത്കാലിക താമസക്കാരുടെ എണ്ണം 6.2 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറക്കുകയെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

കാര്‍ഷികം പോലുള്ള ചില മേഖലകളിലൊഴികെ താത്ക്കാലിക വിദേശ തൊഴിലാളികളെ ബിസിനസിന് നിയമിക്കാവുന്ന ശതമാനം 30ല്‍ നിന്ന് 20 ശതമാനമായി സര്‍ക്കാര്‍ കുറയ്ക്കുമെന്ന് ഒട്ടാവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തൊഴില്‍ മന്ത്രി റാണ്ടി ബോയ്സോണോള്‍ട്ട് പറഞ്ഞിരുന്നു.

പെര്‍മിറ്റുള്ള വിദ്യാര്‍ഥികളെയും തൊഴിലാളികളെയും പോലെ താത്ക്കാലിക താമസക്കാരും കാനഡയിലെ ജനസംഖ്യ അതിവേഗം വളരുന്നതിന് വലിയ കാരണമാണ്. എന്നാല്‍ പുതുതായി എത്തുന്ന ആളുകള്‍ക്കെല്ലാം മതിയായ ഭവനങ്ങളും ആരോഗ്യ സംരക്ഷണം പോലെയുള്ള സേവനങ്ങളും കണ്ടെത്തുകയെന്നത് നിലവില്‍ പ്രതിസന്ധി നിറഞ്ഞതുമായി. ഈ ആശങ്കയാണ് പെര്‍മിറ്റ് വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചത്.

കാനഡയില്‍ ഇപ്പോള്‍ അഭയാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം രണ്ടര ദശലക്ഷം താത്ക്കാലിക താമസക്കാരുണ്ട്.

2023ല്‍ ഇന്ത്യയില്‍ നിന്നും 26,495 താത്ക്കാലിക തൊഴിലാളികളാണ് എത്തിയത്. താത്ക്കാലിക തൊഴിലാളികളുടെ പെര്‍മിറ്റ് നേടിയ ആദ്യ പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കാനഡയിലെ താത്ക്കാലിക താമസക്കാരുടെ ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞു. മൊത്തം ജനസംഖ്യയുടെ 6.2 ശതമാനമാണിത്.

2024 ന് ശേഷം താത്ക്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍   മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സമൂഹം സമീപ വര്‍ഷങ്ങളില്‍ കാനഡയില്‍  സ്ഥിരമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാനഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ ജനസംഖ്യ 2000നും 2020നും ഇടയില്‍ 670,000ല്‍ നിന്ന് ഒരു ദശലക്ഷത്തിലധികമായി ഉയര്‍ന്നു. 2020 ആയപ്പോഴേക്കും കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 1,021,356 ആയി.

തൊഴിലാളികള്‍ക്ക് മതിയായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യണമെന്നും പ്രവിശ്യകളുമായി സംസാരിക്കണമെന്നും മില്ലര്‍ പറയുന്നു. താത്ക്കാലിക താമസക്കാര്‍ക്ക് സ്ഥിരതാമസക്കാരാകുന്നത് എളുപ്പമാക്കാനും അദ്ദേഹം പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തിരയുന്നതിന് മുമ്പ് തൊഴിലുടമകള്‍ കനേഡിയന്‍മാരെയോ അഭയാര്‍ഥികളെയോ നിയമിക്കാന്‍ ശ്രമിക്കണമെന്ന് ബോയ്സോണോള്‍ട്ട് വിശദീകരിച്ചു. 1.2 ദശലക്ഷം കാനഡക്കാര്‍ ജോലി അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ 650,000 തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ഥികളെയും നിയമിച്ചാല്‍  കാനഡയിലെ ഭവന പ്രശ്നം ലഘൂകരിക്കാനും സഹായിക്കുമെന്നും മില്ലര്‍ പറഞ്ഞു. കുടിയേറ്റം കാരണം കാനഡയിലെ ജനസംഖ്യ മറ്റ് വലിയ രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വളരുകയാണ്.

ഉയര്‍ന്ന കുടിയേറ്റം സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതാണെന്നും പ്രായമായ ജനസംഖ്യയെയും തൊഴില്‍ ദൗര്‍ലഭ്യത്തെയും സഹായിക്കുമെന്നും സര്‍ക്കാര്‍ പറയാറുണ്ടെങ്കിലും ചില സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത് പാര്‍പ്പിടം പോലുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു എന്നാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments