തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക അദ്ദേഹം ഗവർണറോട് പങ്കുവച്ചു. കേസുമായി ബന്ധപ്പെട്ട് സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്തത് അടക്കം നിർണായകമായ തീരുമാനങ്ങളെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ചാൻസലർ കൂടിയായ ഗവർണറെ രാജ്ഭവനിലെത്തി ജയപ്രകാശ് സന്ദർശിച്ചത്.
മകന് നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു. സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യാൻ വിസിക്ക് നിർദേശം നൽകിയ ഗവർണർക്ക് ജയപ്രകാശ് നന്ദിയറിയിക്കുകയും ചെയ്തു.
പൂക്കോട് വെറ്ററനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വൈകുന്നുവെന്നതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്. സിബിഐ അന്വേഷണം നീണ്ടുപോകുന്നതിലെ ആശങ്ക സിദ്ധാർത്ഥിന്റെ അച്ഛൻ ഗവർണറെ അറിയിച്ചു. അന്വേഷണം മനഃപൂർവം വൈകിപ്പിക്കുകയാണെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്നും ജയപ്രകാശ് പ്രതികരിച്ചു.
സിബിഐ അന്വേഷണത്തിനായി സർക്കാർ വിജ്ഞാപനം ഇറക്കിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു സിദ്ധാർത്ഥിന്റെ കുടുംബം. എന്നാൽ പ്രതിഷേധങ്ങളെ ശമിപ്പിക്കാൻ വേണ്ടിയുള്ള നാടകം മാത്രമാണ് സംസ്ഥാന സർക്കാർ അന്ന് നടത്തിയതെന്ന് കുടുംബം ആരോപിച്ചു.