കൃഷ്ണനഗർ (പശ്ചിമബംഗാൾ): ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം മണ്ഡലങ്ങളിൽ വിജയം നേടുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാൻ അവർ ബിജെപിയെ വെല്ലുവിളിച്ചു.
‘400ലധികം നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെന്ന കടമ്പ മറികടക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ലധികം ഇടങ്ങളിൽ വിജയിക്കുമെന്നാണ് അവർ പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു’- മമത പറഞ്ഞു.പശ്ചിമബംഗാളിൽ ബിജെപിയെ സഹായിക്കാൻ സഖ്യത്തിലായതിന് കോൺഗ്രസിനെയും സിപിഐഎമ്മിനെയും മമത വിമർശിച്ചു. ‘ബംഗാളിൽ ഇൻഡ്യ സഖ്യമില്ല. കോൺഗ്രസും സിപിഐഎമ്മും ഇവിടെ പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്’- കൃഷ്ണനഗർ മണ്ഡലത്തിൽ മഹുവ മൊയിത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമത പറഞ്ഞു. ബിജെപിക്കെതിരെ ശബ്ദമുയർത്തിയതിനാണ് മഹുവ മൊയിത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതെന്നും മമത ബാനർജി പറഞ്ഞു.
ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത ആവർത്തിച്ചു. പൗരത്വ ഭേദഗതിക്കായി അപേക്ഷിക്കുന്ന ജനങ്ങൾക്ക് മമത മുന്നറിയിപ്പ് നൽകി. അപേക്ഷ നൽകുന്നതോടെ അവർ വിദേശികളായി പരിഗണിക്കപ്പെടുമെന്നും അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യരുതെന്നുമാണ് മമതയുടെ മുന്നറിയിപ്പ്.