പത്തനംതിട്ട തുലാപ്പള്ളിയില്‍ ഗൃഹനാഥനെ കൊന്ന കാട്ടാനയെ വെടിവച്ചുകൊല്ലാന്‍ ശുപാര്‍ശ നല്‍കും. കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്നുതന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കാനും ഡപ്യൂട്ടി റേഞ്ചര്‍ കമലാസനന് നിര്‍ബന്ധിത അവധി നല്‍കാനും തീരുമാനമായി. കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ കണമലയിലെ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
ഇന്നലെ രാത്രിയാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകൻ കാട്ടാന കൊലപ്പെടുത്തിയത്. വട്ടപ്പാറ സ്വദേശി ബിജുവാണ് കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കാട്ടാന ശല്യം കാരണം പലരും വീടൊഴിഞ്ഞ് പോവുകയാണെന്ന് ബിജുവിന്‍റെ ഭാര്യ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ്, പ്രമോദ് നാരായണന്‍ എം.എല്‍.എ തുടങ്ങിയവര്‍ ബിജുവിന്‍റെ വീട് സന്ദര്‍ശിച്ചു.
രാത്രി ഒന്നരയ്ക്കാണ് ബിജു കൊല്ലപ്പെട്ടത്. അടുത്ത വീട്ടിലെ തെങ്ങ് കുത്തികുത്തി മറിക്കുന്ന ശബ്ദം കേട്ടാണ് ബിജുവും ഭാര്യയും ഇറങ്ങിച്ചെന്നത്. വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ആന ബിജുവിനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ചു എന്നാണ് സംശയം. ബിജുവിന്റെ ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മൃതദേഹം മാറ്റാൻ നാട്ടുകാർ ആദ്യം അനുവദിച്ചില്ലെങ്കിലും ജില്ലാ കലക്ടർ എത്തി ചർച്ച നടത്തിയതോടെ പ്രശ്നം പരിഹരിച്ചു.