ദില്ലി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും എണ്ണുവാൻ നിർദ്ദേശം നൽകണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നിലവിൽ ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 5 ഇവിഎമ്മിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചത് പിന്നാലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ഇന്ത്യ സഖ്യം നേരത്തെ ആവശ്യം ഉയർത്തി എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.പക്ഷെ വിഷയത്തിൽ ഇന്ത്യ സഖ്യത്തെ കാണുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും ജയറാം രമേശ് ആരോപിച്ചു.
എന്താണ് വിവിപാറ്റ്?
‘വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍’ എന്നതിന്‍റെ ചുരുക്കെഴുത്താണ് വിവിപാറ്റ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമാണ് വിവിപാറ്റുകൾ നിർമ്മിക്കുന്നത്. ഇലക്രട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്‍ററാണ് ലളിതമായി പറഞ്ഞാൽ വിവിപാറ്റ് . പ്രിന്‍ററും പ്രിന്‍റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടക്കം രണ്ട് ഘടകങ്ങളാണ് വിവിപാറ്റിന് ഉള്ളത്. വോട്ടർ ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.