ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ രാമനഗരയിലെ റോഡ്ഷോയിലാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ‘ഒരു വശത്ത് ബംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത്, എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്ന വാര്‍ത്തയാണ് എനിക്ക് ലഭിച്ചത്. ഇത് ശരിയാണെങ്കില്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതമായി തുടരാനാകുമോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷായുടെ ആക്രമണം. പൗരത്വ നിയമത്തിനെതിരെ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചിരുന്നു. വിഷയം ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.