കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒരുക്കിയിട്ടുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പയിൽ നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും.
കാത്തിരിപ്പിനൊടുവിൽ രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ മൂപ്പെനാട് റിപ്പൺ തലയ്ക്കൽ ഗ്രൗണ്ടിലാണ് രാവിലെ രാഹുൽ എത്തുക. 11 മണിയോടെ കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും. ഇത്തവണ രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ മാസ്സ് പ്രചാരണ ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽ ഗാന്ധിയുടെ റോഡ് ഷോ എന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ദീപദാസ് മുൻഷി, കനയ്യകുമാർ തുടങ്ങിയ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നുമണിയോടുകൂടി കൽപ്പറ്റയിൽ നിന്നാണ് രാഹുൽ ഡൽഹിക്ക് മടങ്ങുക എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.