ടെക്സസ്: പഴുപ്പിച്ച ഇരുമ്പ് പതിച്ച് പതിനൊന്നുകാരൻ്റെ ശരീരത്തിൽ മുദ്ര പതിച്ച ക്ഷേത്രത്തിനെതിരെ 1 ദശലക്ഷം ഡോളർ നഷ്ടപരിഹാരം (8.33 കോടി രൂപ) ആവശ്യപ്പെട്ട് അച്ഛൻ കോടതിയിൽ. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ വിജയ് ചെരുവു കേസ് കൊടുത്തത്. കുട്ടിക്ക് സ്ഥിരം വൈകല്യം സംഭവിക്കുകയും മുറിവ് പഴുത്ത് അണുബാധയേൽക്കുകയും ചെയ്തതോടെയാണിത്.
ടെക്സസ് ഷുഗർ ലാൻ്റിലെ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ടെക്സസിൽ ഫോർട് ബെൻ്റ് കൗണ്ടിയിൽ താമസിക്കുന്ന വിജയ് ചെരുവിൻ്റെ മകനെ മുൻ ഭാര്യയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. വിജയുടെ അറിവില്ലാതെ മകൻ്റെ സമ്മതവും കൂടാതെ സ്ത്രീ ക്ഷേത്രത്തിലെ ആചാരത്തിൽ കുട്ടിയെ പങ്കെടുപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ക്ഷേത്ര ഉത്സവത്തിനിടെ മൂന്ന് കുട്ടികളടക്കം 100 പേർക്കാണ് ചുട്ടെടുത്ത ഇരുമ്പ് കുത്തി മുദ്ര പതിച്ചത്. പച്ച ഇറച്ചിയിൽ ചൂട് ഇരുമ്പ് പതിച്ചതിൻ്റെ അസഹനീയമായ വേദനയിൽ പുളഞ്ഞ കുട്ടിക്ക് മേലെ വീണ്ടും ഇതേ ഇരുമ്പ് പഴുപ്പിച്ച് കുത്തിയെന്നാണ് വിവരം. ഇരുതോളുകളിലും ഇത്തരത്തിൽ മുദ്ര പതിച്ചു. എന്നാൽ മുറിവ് ഉണങ്ങിയില്ല. ഇത് അണുബാധയേറ്റ് പഴുത്ത് കൂടുതൽ ഗുരുതരമായി. ഈ സമയത്താണ് വേദന സഹിക്കാനാവാതെ കുട്ടി അച്ഛനോട് കാര്യം പറഞ്ഞത്.
കുട്ടിക്ക് സ്ഥിരം വൈകല്യം സംഭവിച്ചതോടെയാണ് അച്ഛൻ ക്ഷേത്രത്തിനെതിരെ കേസ് കൊടുത്തത്. അഷ്ടലക്ഷ്മി ക്ഷേത്രത്തിനും ഇതിൻ്റെ മാതൃ സംഘടന ജീയാർ എജുക്കേഷണൽ ട്രസ്റ്റിനും എതിരെയാണ് കേസ്.