വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി സിബിഐ കസ്റ്റഡി അപേക്ഷ നല്‍കും. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തും. ഇതിനായി ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ ഉദ്യോഗസ്ഥര്‍ ഒരാഴ്ച വയനാട്ടില്‍ തുടരും. കേസ് രേഖകളുടെ പകര്‍പ്പ് കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ സിബിഐക്ക് കൈമാറി. കോടതിയില്‍ കേസ് കൈമാറ്റം അറിയിച്ച ശേഷം അസ്സല്‍ പകര്‍പ്പുകള്‍ നല്‍കും. വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാളെ കോളജിലെത്തി തെളിവെടുക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
എസ്പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയത്. വൈത്തിരി റസ്റ്റ് ഹൗസ് ആണ്സംഘത്തിന്റെ ക്യാംപ്ഓഫീസ്. കേസ് സിബിഐ ഏറ്റെടുത്തതില്‍ ആശ്വാസമുണ്ടെന്നായിരുന്നു ജയപ്രകാശന്റെ പ്രതികരണം. രേഖകളുടെ വിശദപരിശോധനയാണ് ഇന്ന് തുടങ്ങിയത്.