ബെംഗളൂരു: വീണ്ടും വർഗീയപരാമർശവുമായി കർണാടക ബിജെപി വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ. കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനാണെന്നായിരുന്നു ബസനഗൗഡ പാട്ടീൽ യത്‍നാലിന്റെ പരാമർശം. ദിനേശ് ഗുണ്ടുറാവുവിന്‍റെ ഭാര്യ തബു റാവുവിനെതിരെയാണ് യത്‍നാൽ വർഗീയ പരാമർശം നടത്തിയത്. രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകന് പങ്കുണ്ടെന്ന് ഗുണ്ടുറാവു ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗുണ്ടുറാവുവിന്‍റെ ആക്രമണം.
ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനിലാണ്. അതിനാൽ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിൻ്റെ ശീലമാണെന്നും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ പറഞ്ഞു. അതേസമയം, പരാമർശത്തിനെതിരെ തബു റാവു രംഗത്തെത്തി. “ദിനേശ് ഗുണ്ടു റാവുവിൻ്റെ വീട് പകുതി പാകിസ്ഥാൻ ആണെന്ന യത്നാലിൻ്റെ അഭിപ്രായം വിലകുറഞ്ഞതും അപകീർത്തികരവുമാണ്. ഞാൻ മുസ്ലീമായി ജനിച്ചേക്കാം, പക്ഷേ ആർക്കും എൻ്റെ ദേശീയതയെ ചോദ്യം ചെയ്യാൻ കഴിയില്ല, ”തബു റാവു പറഞ്ഞു.
വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ദിനേശ് ഗുണ്ടുറാവുവിന്‍റെ ഭാര്യ തബു. ഹിന്ദു – മുസ്ലിം വിവാഹത്തിന്‍റെ പേരിൽ തന്നെ പാകിസ്ഥാൻകാരിയാക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് തബസ്സും ചോദിക്കുന്നു. രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലാത്ത തന്നെ എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും തബസ്സും പ്രതികരിച്ചു. യത്നാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും നടപടി സ്വീകരിക്കുമോയെന്ന് അവർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും അവർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.