തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കൾ അതിന് ഇരകളാണെന്നും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. ലൗ ജിഹാദായിട്ട് ഉണ്ടെന്ന് തനിക്കൊരു കൺഫർമേഷനും കിട്ടിയിട്ടില്ല. എന്നാൽ നടക്കുന്നുണ്ടെന്നാണ് പലരും പറയുന്നതെന്നും പത്മജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പല അച്ഛനമ്മമാരും എന്റെ അടുത്തുവന്നിട്ട് പറയുന്നത് ലൗ ജിഹാദ് ഉണ്ടെന്നാണ്. ഞങ്ങളുടെ മകളെ ബ്രെയിൻവാഷ് ചെയ്തു എന്നുള്ള സങ്കടങ്ങൾ പറയാറുണ്ട്. ലൗ ജിഹാദ് എന്നത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ഇങ്ങനെ ഉണ്ട് എന്ന് വാർത്ത പരക്കുമ്പോൾ അതിനെക്കുറിച്ച് മെസേജ് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്. അപ്പോൾ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അവർക്ക് മനസിലാകുമല്ലോ’ -കേരളത്തിൽ പലയിടത്തും ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പത്മജയുടെ പ്രതികരണം.
മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും തലേദിവസംവരെ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച താൻ ഒരുദിവസം രാത്രിയിലാണ് ബിജെപിയിൽ പോകാൻ തീരുമാനമെടുക്കുന്നതെന്നും പത്മജ പറഞ്ഞു. ഒരുരാത്രി മതി കാര്യങ്ങൾ മാറിമറിയാനെന്നും അവർ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾ ഇപ്പോൾ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും തൃശൂർ മണ്ഡലത്തിലുൾപ്പടെ അവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്നും പത്മജ പറഞ്ഞു.