മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. രാജ്യത്തെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം.
യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.
ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക.