ന്യൂയോര്‍ക്ക്: റമദാന്‍ മാസത്തില്‍ ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ഇന്ത്യ ‘പോസിറ്റീവ് ചുവടുവെപ്പ്’ എന്ന് വിശേഷിപ്പിച്ചു. നിലവിലുള്ള ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി അസ്വീകാര്യമാണെന്നും ഇന്ത്യ പറഞ്ഞു.
‘ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഞങ്ങള്‍ അഗാധമായ വിഷമത്തിലാണ്. മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയും മേഖലയിലും അതിനപ്പുറവും അസ്ഥിരത വര്‍ധിക്കുകയും ചെയ്തു,’ യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ രുചിര കാംബോജ് യു എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പറഞ്ഞു.
മാര്‍ച്ച് 25ന് യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത് ‘പോസിറ്റീവ് നടപടിയായാണ്’ ഇന്ത്യ കാണുന്നതെന്നും അവര്‍ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം വലിയ തോതിലുള്ള സിവിലിയന്‍മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതായി കാംബോജ് പറഞ്ഞു.
സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെ ഡല്‍ഹി ശക്തമായി അപലപിച്ചിട്ടുണ്ടെന്നും ഏത് സംഘര്‍ഷ സാഹചര്യത്തിലും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മാസം അംഗീകരിച്ച യു എന്‍ എസ് സി പ്രമേയം ‘ശാശ്വതമായ സുസ്ഥിര വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന എല്ലാ കക്ഷികളും ബഹുമാനിക്കുന്ന റമദാന്‍ മാസത്തില്‍ ഉടനടി വെടിനിര്‍ത്തല്‍’ ആവശ്യപ്പെട്ടു.