മിസിസാഗ: മോഷ്ടിക്കപ്പെട്ട 22 വാഹനങ്ങള്‍ മിസിസാഗയില്‍ നിന്നും പൊലീസ് പിടികൂടി. വാടകയ്ക്ക് കാര്‍ നല്‍കുന്ന കമ്പനി തന്നെ ഉപഭോക്താവ് നിര്‍ത്തിയിട്ട സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ ഉടമ/ ഓപ്പറേറ്റര്‍ വീണ്ടും തങ്ങളുടെ വാഹനത്തില്‍ ചേര്‍ക്കുകയും ഇടപാടുകാര്‍ക്ക് വാടകയ്ക്ക് നല്‍കുകയുമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുകയായിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും പണം നേടിയെടുത്ത ശേഷം ഇതേ വാഹനങ്ങള്‍ വീണ്ടും റജിസ്റ്റ്ര# ചെയ്യുകയാണ് പതിവ്.
അന്വേഷണത്തിന്റെ ഫലമായി 1.6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മോഷ്ടിച്ച 22 വാഹനങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മിസിസാഗയിലെ ടമെര്‍ എല്‍ ഗമാല്‍ (42), മുഹമ്മദ് എല്‍ ഗമല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ 41, 27 കുറ്റങ്ങള്‍ വീതമാണ് ചുമത്തിയിരിക്കുന്നത്.
വിവിധ ഇന്‍ഷുറന്‍സ് ഏജന്‍സികളുടെയും ഒന്റാറിയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഡസ്ട്രി കൗണ്‍സിലിന്റെയും പങ്കാളിത്തത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്റെ ഫലമായി നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ ‘ഒന്നിലധികം വഞ്ചനാപരമായ ഇന്‍ഷുറന്‍സ് ക്ലെയിം പേഔട്ടുകള്‍’ ഒഴിവാക്കിയതായി അധികാരികള്‍ പറയുന്നു.