തിരുവനന്തപുരം∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതസംഘടനകൾക്ക് പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ട് പിടിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.
രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. അതേസമയം, ശശി തരൂരിന്റെ ആരോപണം മത–ജാതി വികാരം ഉണർത്തുവെന്ന ബിജെപി വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കൺവീനർ വി.വി.രാജേഷുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.