കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയുടെയും വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരുണ്ടെന്ന് ആരോപിച്ച് ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർഥിയുടെയും ഏജന്റുമാർ ഹൈകോടതിയിൽ. വടകരയിലെ യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ. പ്രവീൺ കുമാറും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് വർക്കല കഹാറുമാണ് ഹരജി നൽകിയത്.
ചീഫ് ഇലക്ടറൽ ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് വർക്കല കഹാർ പരാതിപ്പെട്ടു. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ 1186 പോളിങ് ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നാണ് പ്രവീൺകുമാറിന്റെ ഹരജി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അന്തിമ വോട്ടർപട്ടികയിൽ 1,61,237 ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് ഹരജിയിലെ ആരോപണം. ഇരട്ടവോട്ടുകൾ തിരിച്ച് പട്ടികയും തെളിവും നൽകിയിട്ടും നീക്കം ചെയ്യാൻ നടപടിയെടുത്തിട്ടില്ല.
അന്തിമ പട്ടിക തയാറാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ, പട്ടിക തയാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും അവരുടെ രാഷ്ട്രീയ ചായ്വ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. യഥാർഥ വോട്ടർമാരുടെ പേര് നീക്കിയാണ് ഇരട്ട വോട്ട് ചേർക്കുന്നത്. അംഗീകൃത സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇരട്ട വോട്ടുകൾ തിരിച്ചറിയാനും ഇരട്ട വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കാനും നടപടിയെടുക്കണമെന്ന് ഹരജിയിൽ പറയുന്നു. എല്ലാ ബൂത്തിലെയും ദൃശ്യങ്ങൾ റെക്കോഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജികളിൽ കോടതി തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി.