Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത്...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇ ഡി നടപടി. ജുഹുവിലും പുനെയിലുമുള്ള ബംഗ്ലാവും ഓഹരികളും കണ്ടുകെട്ടിയവയിൽ പെടുന്നു.

ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെ 87.79 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കൾ താത്കാലികമായി കണ്ടുകെട്ടിയെന്നാണ് ഇഡി എക്സിൽ പോസ്റ്റ് ചെയ്തത്. പുനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും വിവിധ കമ്പനികളിലെ ഓഹരികളും പിടിച്ചെടുത്ത 98 കോടിയുടെ സ്വത്തുവകകളിൽ ഉൾപ്പെടുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. 2017 ൽ 6,600 കോടിയുടെ ഫണ്ട് ബിറ്റ് കോയിൻ രൂപത്തിൽ സ്വരൂപിച്ചതിനാണ് നടപടി. യുക്രെയ്നിൽ ബിറ്റ് കോയിൻ മൈനിങ് ഫാം സ്ഥാപിക്കാനെന്ന പേരിലാണ് അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, സിന്പി ഭരദ്വാജ് , നിതിൻ ഗൗർ, മഹേന്ദ്ര ഭരദ്വാജ് എന്നിവരുമായി ചേർന്ന് രാജ് കുന്ദ്ര തട്ടിപ്പ് നടത്തിയത്.

സിംഗപ്പൂർ ആസ്ഥാനമായ വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. പത്ത് ശതമാനം പ്രതിമാസ വരുമാനം നൽകാമെന്ന വാഗ്ദാനം നൽകിയായിരുന്നു ബിറ്റ്കോയിൻ ശേഖരിച്ചത്. എന്നാൽ പ്രൊമോട്ടർമാർ നിക്ഷേപകരെ കബളിപ്പിക്കുകയും അനധികൃതമായി സമ്പാദിച്ച ബിറ്റ്കോയിൻ മറച്ചുവയ്ക്കുകയും ചെയ്തെന്നും ഇ ഡി പറയുന്നു. രാജ് കുന്ദ്രയ്ക്ക് ലഭിച്ചത് 285 ബിറ്റ്കോയിനുകളാണ്. ഇതിന് നിലവിൽ 150 കോടിയുടെ മൂല്യം വരും. കേസിൽ സിന്പി ഭരദ്വാജിനെയും നിതിൻ ഗൗറിനെയും 2023 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. മുഖ്യപ്രതികളായ അജയ് ഭരദ്വാജും മഹേന്ദ്ര ഭരദ്വാജും ഇപ്പോഴും ഒളിവിലാണ്. എന്നാൽ കുറ്റാരോപണം നടത്താൻ പ്രഥമ ദൃഷ്ട്യാ വേണ്ടതൊന്നും കേസിലില്ലെന്നാണ് രാജ് കുന്ദ്രയുടെ അഭിഭാഷകനായ പ്രശാന്ത് പാട്ടീൽ പ്രതികരിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തന്റെ കക്ഷികളായ രാജിനും ശിൽപയ്ക്കും വിശ്വാസമുണ്ടെന്നും അഭിഭാഷകൻ പറയുന്നു.

മുൻപും കള്ളപ്പണ കേസിൽ ശിക്ഷ അനുഭവിച്ച ചരിത്രം രാജ് കുന്ദ്രയ്ക്കുണ്ട്. അശ്ലീല ചിത്രങ്ങളുടെ നിർമാണവും പ്രചരണവുമായി ബന്ധപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022 ൽ രജിസ്റ്റർ ചെയ്ത കേസ്. 2019 ഫെബ്രുവരിയിൽ ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കന്പനി രൂപീകരിച്ച് ഹോട്ട് ഷോട്ട് എന്ന ആപ്പ് വികസിപ്പിച്ച് തട്ടിപ്പ് നടത്തിയതിനായിരുന്നു കേസ്. ആപ്പ് പിന്നീട് യുകെ ആസ്ഥാനമായി തന്റെ ഭാര്യാ സഹോദരൻ പ്രദീപ് ബക്ഷി സിഇഒ ആയ കമ്പനിക്ക് വിറ്റെന്ന് കുറ്റപത്രത്തിലുണ്ട്. കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസിന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡി പറയുന്നത്. അശ്ലീല ചിത്രങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്ത് വരിക്കാരിൽ നിന്ന് ഭീമമായ തുകയാണ് വിയാൻ ഇൻഡസ്ട്രീസ് നേടിയത്.

ആർതർ റോഡ് ജയിലിലെ രാജ് കുന്ദ്രയുടെ അനുഭവങ്ങൾ ദൃശ്യവത്കരിച്ച യു ടി 69 എന്ന ചിത്രം പോയ നവംബറിൽ പുറത്തിറങ്ങിയതും വിവാദമായിരുന്നു. സിനിമ രാജ് കുന്ദ്രയെ വെള്ളപൂശാൻ ലക്ഷ്യമിട്ടാണെന്ന വിമർശനവും ഉയർന്നിരുന്നു. വീണ്ടുമൊരു കേസിൽ കൂടി നടപടി വരുമ്പോൾ കുന്ദ്രയുടെ പേരിലുള്ള പഴയ കേസും ചർച്ചയാകുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments