ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ത്രിപുരയിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിൽ 79.94 ശതമാനവും പശ്ചിമ ബംഗാളിൽ 77.57 ശതമാനവും വോട്ട് രേഖപ്പെടുത്തി. ബീഹാറിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 47.74 ശതമാനം.
17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിൽ ആകെയുള്ള 39 സീറ്റുകളിലും പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും വോട്ടെടുപ്പ് നടന്നു.
നാഗാലാൻഡിലെ 6 ജില്ലകളിൽ പൂജ്യം ശതമാനം വോട്ട് രേഖപ്പെടുത്തി. ഈസ്റ്റ് നാഗാലാൻഡിലെ 6 ജില്ലകളിലാണ് ആരും വോട്ട് ചെയ്യാൻ എത്താഞ്ഞത്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചാണ് വോട്ടിങ് ബഹിഷ്‌കരിച്ചത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനാണ് വോട്ടിംങ് ബഹിഷ്‌കരണത്തിന് ആവശ്യപ്പെട്ടത്.
അക്രമത്തെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തുകളിൽ പോളിങ് നിർത്തിവെച്ചിരുന്നു. പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്.
കിഴക്കൻ ഇംഫാലിൽ രണ്ടിടത്തും വെസ്റ്റ് ഇംഫാലിൽ മൂന്നിടത്തുമാണ് വോട്ടിങ് നിർത്തിയത്. തീവ്രവാദ സംഘടനകൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു. അക്രമികൾ പോളിങ് മെഷീനുകൾ തകർത്തു.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം കേരളമടക്കം 13 സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് നടക്കും.