തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഭരണത്തിൽ ജനാധിപത്യ മൂല്യങ്ങൾ തകരുന്നുവെന്നും സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഇടം കുറഞ്ഞുവരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഉൾപ്പെടെ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ജനങ്ങൾ ഒരുമിക്കണമെന്നും അദ്ദേഹം ഉണർത്തി.
കോൺഗ്രസ് പ്രകടന പത്രികയിൽ സി.എ.എ കുറിച്ച് പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും 22ാം പേജിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. ബി.ജെ.പി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് പറഞ്ഞാൽ സി.എ.എയും റദ്ദാക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.കൂടാതെ അഗ്നിവീർ പദ്ധതിയെയും അദ്ദേഹം വിമർശിച്ചു. സൈനിക വിരുദ്ധ നടപടിയാണ് അഗ്നിവീർറെന്നും യുവാക്കളോടുള്ള ക്രൂരമായ തമാശയാണെന്നും കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതിയും റദ്ദാക്കുമെന്നും പി.ചിദംബരം വ്യക്തമാക്കി.