കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ അജീഷിനും മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മുസ്ലിം സമുദായത്തിനെതിരേയും ഷാഫിപറമ്പിലിനെതിരെയും അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി പേരാമ്പ്ര പൊലീസാണ് കേസെടുത്തതിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കിയാണ് കേസ്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫിക്കെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.
സംഭവത്തെ തുടർന്ന് ഷാഫി പറമ്പില്‍ കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചെയ്യാത്ത കാര്യത്തിന് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നുമായിരുന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യമുണ്ടായിരുന്നു. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.