വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന വ്യവസ്ഥയില്‍ ഇതുവരെ ഇളവ് അനുവദിച്ചിരുന്നത് കൊവിഡ് സാഹചര്യത്തെ തുടർന്നുള്ള താൽക്കാലിക നടപടി ആയിരുന്നുവെന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തെ മുൻനിർത്തിയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ ഇളവ് നല്‍കി കൂടുതല്‍ സമയം അനുവദിച്ചിരുന്നത്. ഇന്നു മുതൽ ഈ വ്യവസ്ഥ തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജോലി സമയം ആഴ്ചയിൽ 24 മണിക്കൂറായി പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
എങ്കിലും വിദ്യാർത്ഥികൾക്ക് നേരത്തെ ഷെഡ്യൂൾ ചെയ്ത ജോലികൾ തുടരാം എന്നും മില്ലർ പറഞ്ഞു. കൂടാതെ ഈ പരിഷ്കാരം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നും ദീർഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ പഠനത്തിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അടുത്തിടെ യുഎസിലും കാനഡയിലും നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. 24 മണിക്കൂറിൽ അധികം ജോലി ചെയ്യാൻ അവസരം നൽകുന്നത് അവരുടെ പ്രോഗ്രാമിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമാകും എന്നും കാനഡ ഗവൺമെന്റ് അവകാശപ്പെടുന്നു.
ഇതേതുടർന്ന് വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന പല രാജ്യങ്ങളും ജോലി സമയത്തിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച 48 മണിക്കൂർ ജോലി ചെയ്യാനുള്ള നയം ഇതിനോടകം ഓസ്‌ട്രേലിയയും പരിഷ്‌കരിച്ചു.