Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗമാകാന്‍ പാലസ്തീന് അര്‍ഹതയുണ്ടെന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗമാകാന്‍ പാലസ്തീന് അര്‍ഹതയുണ്ടെന്ന് ഇന്ത്യ

യുഎന്‍: ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗമാകാന്‍ പലസ്തീന് അര്‍ഹതയുണ്ടെന്ന് ഇന്ത്യ. കഴിഞ്ഞ മാസം പലസ്തീന്റെ ഈ ശ്രമത്തെ യുഎസ് തടഞ്ഞത് പുനഃപരിശോധിക്കണമെന്നും സംഘടനയില്‍ അംഗമാകാനുള്ള ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൂര്‍ണ അംഗത്വം നല്‍കാനുള്ള പലസ്തീന്റെ ശ്രമത്തെക്കുറിച്ചുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം കഴിഞ്ഞ മാസം യുഎസ് വീറ്റോ ചെയ്തു. 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ‘പലസ്തീന്‍ സ്റ്റേറ്റിനെ ഐക്യരാഷ്ട്രസഭയില്‍ അംഗത്വപ്പെടുത്തണമെന്ന്’ ശുപാര്‍ശ ചെയ്യുന്ന കരട് പ്രമേയത്തില്‍ 15-രാഷ്ട്ര കൗണ്‍സില്‍ വോട്ട് ചെയ്തിരുന്നു. പ്രമേയത്തിന് അനുകൂലമായി 12 വോട്ടുകള്‍ ലഭിച്ചു, സ്വിറ്റ്‌സര്‍ലന്‍ഡും യുകെയും വിട്ടുനില്‍ക്കുകയും യുഎസ് വീറ്റോ രേഖപ്പെടുത്തുകയും ചെയ്തു.

കരട് പ്രമേയം അംഗീകരിക്കുന്നതിന്, ചൈന, ഫ്രാന്‍സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരുടെയും വീറ്റോ ഇല്ലാതെ, കുറഞ്ഞത് ഒമ്പത് കൗണ്‍സില്‍ അംഗങ്ങളെങ്കിലും അതിന് അനുകൂലമായി വോട്ട് ചെയ്യേണ്ടതുണ്ട്. ‘മുന്‍പ് പറഞ്ഞ വീറ്റോ കാരണം ഐക്യരാഷ്ട്രസഭയില്‍ അംഗത്വത്തിനുള്ള പലസ്തീന്റെ അപേക്ഷ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല.

ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, പലസ്തീന് അംഗത്വം നല്‍കുന്ന നടപടി പുനഃപരിശോധിക്കുമെന്നും ഐക്യരാഷ്ട്രസഭയില്‍ അംഗമാകാനുള്ള ഫലസ്തീന്റെ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎന്നില്‍ പറഞ്ഞു.

1974-ല്‍ പലസ്തീന്‍ ജനതയുടെ ഏകവും നിയമാനുസൃതവുമായ പ്രതിനിധിയായി പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമാണ് ഇന്ത്യ. 1988-ല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗാസയിലെ പലസ്തീന്‍ അതോറിറ്റിയുടെ പ്രതിനിധി ഓഫീസ്, പിന്നീട് 2003-ല്‍ റമല്ലയിലേക്ക് മാറ്റി. നിലവില്‍, ഫലസ്തീന്‍ ഐക്യരാഷ്ട്രസഭയിലെ ഒരു ‘അംഗനിരീക്ഷക രാഷ്ട്രം’ ആണ്, 2012-ല്‍ ജനറല്‍ അസംബ്ലി അതിന് നല്‍കിയ പദവിയാണ്. ഈ പദവി പലസ്തീനെ ലോക ബോഡിയുടെ നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നു, എന്നാല്‍ അതിന് പ്രമേയങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയില്ല. വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോളി സീ ആണ് യുഎന്നിലെ മറ്റ് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം.

അന്തിമ പ്രശ്നങ്ങളില്‍ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള നേരിട്ടുള്ളതും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകളിലൂടെ നേടിയെടുക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ശാശ്വത സമാധാനം നല്‍കൂവെന്ന് ഇന്ത്യയുടെ നേതൃത്വം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞുവെന്ന് ബുധനാഴ്ച ഒരു പൊതു അസംബ്ലി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാംബോജ് അടിവരയിട്ടു. ”ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിതമായ അതിര്‍ത്തിക്കുള്ളില്‍ ഒരു സ്വതന്ത്ര രാജ്യത്ത് പലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” അവര്‍ പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വലിയ തോതിലുള്ള സിവിലിയന്‍മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടുന്നതിനും മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കാംബോജ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ‘അസന്ദിഗ്ധമായ അപലപനം’ അര്‍ഹിക്കുന്നതാണെന്നും കാംബോജ് പറഞ്ഞു.

‘ഭീകരതയ്ക്കും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭീകരതയ്ക്കെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ദീര്‍ഘകാലവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യക്കുള്ളത്. ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ കംബോജ് പറഞ്ഞു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഗാസയിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായം അടിയന്തിരമായി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. ഈ ഉദ്യമത്തില്‍ എല്ലാ കക്ഷികളോടും ഒരുമിച്ച് വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ഇന്ത്യ പലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും കാംബോജ് പറഞ്ഞു.

2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 34,568 പാലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെടുകയും 77,765 പലസ്തീന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (OCHA) പറഞ്ഞു. ഏപ്രില്‍ 28 നും മെയ് 1 നും ഇടയില്‍ ഗാസയില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഛഇഒഅ അറിയിച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ കണക്കനുസരിച്ച്, ഗ്രൗണ്ട് ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം ഗാസയില്‍ 262 സൈനികര്‍ കൊല്ലപ്പെടുകയും 1,602 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, 33 കുട്ടികള്‍ ഉള്‍പ്പെടെ 1,200-ലധികം ഇസ്രായേലികളും വിദേശ പൗരന്മാരും ഇസ്രായേലില്‍ കൊല്ലപ്പെട്ടു, ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ബഹുഭൂരിപക്ഷവും. മെയ് 1 വരെ, 133 ഇസ്രായേലികളും വിദേശ പൗരന്മാരും ഗാസയില്‍ ബന്ദികളാക്കപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ കണക്കാക്കുന്നു, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ തടഞ്ഞുവച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments