ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.
മാര്‍ച്ച് 18-നാണ് വിദ്യാര്‍ഥിക്ക് നേരേ ക്രൂരമായ ലൈംഗികപീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. കുട്ടിയെ ക്ലാസില്‍നിനിന്ന് കൂട്ടിക്കൊണ്ടുപോയ ചില സഹപാഠികള്‍ നിരന്തരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മകനെ മര്‍ദിച്ചു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വടികൊണ്ടായിരുന്നു ആക്രമണം. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും അമ്മ പറഞ്ഞു.
ക്രൂരമായ പീഡനത്തിനിരയായെങ്കിലും ഇതേക്കുറിച്ച് എട്ടാംക്ലാസുകാരന്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെയാണ് മകന്‍ വിശദമായ വെളിപ്പെടുത്തല്‍ നടത്തിയതെന്നും അമ്മ പറഞ്ഞു.
സംഭവം പുറത്തുപറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്ന് സഹപാഠികള്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് അമ്മയുടെ ആരോപണം. ഇതേത്തുടര്‍ന്ന് പത്തുദിവസത്തോളമാണ് താന്‍ നേരിട്ട പീഡനം മകന്‍ മറച്ചുവെച്ചതെന്നും അവര്‍ പറഞ്ഞു.സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, പരിക്കേറ്റ കുട്ടിക്ക് മൂന്നുമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.