ന്യൂഡൽഹി: 2021-22ലെ ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ ബി.ആർ.എസ് നേതാവ് കെ.കവിതക്ക് ജാമ്യമില്ല. ഡൽഹി റോസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യാപേക്ഷ തള്ളിയത്.തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിതയെ മാർച്ച് 15നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഏപ്രിൽ ഒന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്ത കവിതയെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
മകന് പരീക്ഷയായതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കവിത സമർപ്പിച്ച ഹരജി ഏപ്രിൽ ഒമ്പതിന് ഡൽഹി കോടതി തള്ളിയിരുന്നു. കവിതയെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുതിർന്ന എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും തിഹാർ ജയിലിലാണ്.കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് എ.എ.പിക്ക് 100 കോടി രൂപ കോഴയായി നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു.