Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSpecial reportഈ ചൂട്ടുവെളിച്ചം പകരുന്ന നന്മവഴി….

ഈ ചൂട്ടുവെളിച്ചം പകരുന്ന നന്മവഴി….

മനോജ് ചന്ദനപ്പള്ളി

ചരിത്രത്തിൻ്റെ ഓർമപ്പെടുത്തലും പാരമ്പര്യത്തിൻ്റെ ചൂട്ടു വെളിച്ചവുമാണ് ഇടത്തിട്ട ഗ്രാമം. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ഇടത്തിട്ടയുടെ കൂടി ആഘോഷമായി മാറുന്നത് ഈ തെളിച്ചം കൂടി ചേരുമ്പാഴാണ്. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ റാസക്ക് പരമ്പരാഗതമായി അവർ നൽകുന്ന സ്വീകരണം തലമുറകൾക്കു പകരുന്നത് നന്മയുടെ സന്ദേശമാണ്. കേരളത്തിലെ മറ്റൊരു ക്രൈസ്തവ ദേവാലയങ്ങളിലും പെരുന്നാളുകളിലും ഇത്തരമൊരു വിശ്വാസ തീക്ഷ്ണത കാണുവാനാകില്ല. തലമുറകളായി ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങൾ പുണ്യാളച്ചനേയും വലിയ പള്ളിയെയും ഹൃദയത്തിൽ കുടിയിരുത്തുന്നത് ആരേയും അതിശയിപ്പിക്കും.

ഇടത്തിട്ടയിലെ ഹൈന്ദവർക്ക് ക്ഷേത്രോത്സവങ്ങൾ പോലെ പ്രാധാന്യമേറിയതാണ് പെരുന്നാളും. പെരുന്നാളിന് അതിരാവിലെ തന്നെ വാഹനങ്ങൾ ക്രമീകരിച്ചെത്തും. പലർക്കും നേരനുഭവങ്ങളിലൂടെ ” പള്ളി അപ്പൂപ്പൻ “അവരുടെ രക്ഷയും കാവൽകാരനുമായി എന്നേ മാറി കഴിഞ്ഞു. തങ്ങളുടെ ദൈവങ്ങൾക്ക് ഒപ്പം പുണ്യാളച്ചനെയുമവർ ചേർത്ത് വയ്ക്കും. ഗീവർഗീസ് സഹദാ എന്ന പുണ്യാളച്ചൻ അന്നും ഇന്നും അവർക്ക് “പള്ളി അപ്പൂപ്പനാണ്”. ഏത് പ്രതിസന്ധിയിലും കാവലായി ചേർത്ത് പിടിച്ച് നിൽക്കാൻ ആശ്രയവും ആശ്വാസവുമായി ആ പുണ്യാളച്ചനെത്തും. തലമുറകൾ കൈമാറി വന്ന വിശ്വാസ സത്യമാണവർക്കത്. ഈ ഗ്രാമത്തിലെ മിക്ക വീടുകളിലും പൂജാമുറിയിൽ കൃഷ്ണും അയ്യപ്പനുമൊപ്പം ചന്ദനപ്പള്ളി പുണ്യാളച്ചനുമുണ്ട്.

പെരുന്നാൾ ഇങ്ങ് വന്നാൽ പിന്നെ എല്ലാവർക്കും ഒരു ആഘോഷമാണ്. പിന്നെ ഒരു ആധിയാണ്. അത് തീരണമെങ്കിൽ ആ പെരുന്നാൾ കടന്നു പോകണം. ഒരു വീട്ടിൽ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ഒക്കെ ആയി നൂറു പേരിനടുത്ത് എത്തുമെന്നാണ് ഇടത്തിട്ട വിളയിൽ വീട്ടിൽ നിന്നും സുരേഷ് വൈഗ പറയുന്നത്.
വരുന്നവരൊക്കെ രാത്രി റാസക്ക് വേണ്ടി അതി രാവിലെ എത്തും. പിന്നെ ഒരു ഉത്സവ പ്രതീതിയും ആഹ്ലാദവും സന്തോഷവുമാണ്. ഗൾഫിൽ പോയവരും കല്ല്യാണം കഴിഞ്ഞ് പോയവരും ഒക്കെ ഓണത്തിന് എത്തിയില്ലെങ്കിലും പെരുന്നാൾ കൂടാൻ എത്തും.അതവർക്ക് നിർബദ്ധമാണ്.
വേലി വിളക്ക് ഒരുക്കുന്നതിനും
നിലവിളക്കും, ചൂട്ട് കറ്റയും,കുരുത്തോലയും, താലപൊലിയും മൺ ചേരാതുകളിലെ ദീപവും,തോരണങ്ങളുമായി റാസയിൽ തങ്ങളുടെ നാട്ടിലേക്ക് എഴുന്നള്ളന്ന പള്ളി അപ്പൂപ്പനെ സ്വീകരിക്കാനും അവരുണ്ടാകും ഓരോ വർഷവും.
വഴിപാട് നേർന്നാൽ പിന്നെ വർഷം മുഴുവൻ തങ്ങളെ പുണ്യാളച്ചൻ കാത്തോളും എന്നവർക്ക് ഉറപ്പുണ്ട്. മുതിർന്നവർ മാത്രമല്ല കുഞ്ഞുങ്ങളും ആ വിശ്വാസ പാതയിൽ തന്നെ. പരീക്ഷയിൽ തനിക്ക് നന്നായി എഴുതാൻ കഴിയുന്നതിൽ സന്തോഷം പങ്ക് വച്ച് ഇളം തലമുറയിലെ സുരേഷിൻ്റെ മകൾ വൈഗയും അത് ശരി വയ്ക്കുന്നു.ഇതിനകം തയ്യാറാക്കിയ ചൂട്ട് കറ്റ ചേർത്ത് പിടിച്ച് വൈഗ മറ്റൊന്ന് കൂടി പറയുന്നു “തൻ്റെ പിറന്നാൾ, പള്ളി അപ്പൂപ്പൻ്റെ പെരുന്നാളിന് ചെമ്പിൽ അരിയിടുന്ന ദിവസമാണെന്ന്..”അതും മെയ് മാസം എട്ടിന്. അതവൾക്ക് നൽകുന്ന സന്തോഷം വലുതാണെന്നും ആ മുഖത്തെ പുഞ്ചിരി സാക്ഷ്യമാക്കുന്നു.

വേലിവിളക്ക് അഥവാ പിണ്ടി പള്ളി ഉണ്ടാക്കുന്നത് രാത്രി
റാസയെത്തുന്ന ദിവസം അതിരാവിലെയാകും. എല്ലാവർഷവും മെയ് ഏഴിനാകുമത്. വിളക്ക് കെട്ടുക എന്നാണ് പൊതുവായി ഇതിനെ വിളിക്കുന്നത്.
വാഴപ്പോളയും കുരുത്തോലയുമാണ് അതിന് ഉപയോഗിക്കുക. ഏറ്റവും ചുരുങ്ങിയത് ഒൻപത് പിണ്ടികൾ ഒരേ അളവിൽ മുറിച്ചെടുക്കും. അതിൻ്റെ ചുറ്റും നിലവിളക്ക്, കുരുത്തോല, ചന്ദനത്തിരി,മെഴുക് തിരി, പൂക്കൾ പിന്നെ കളർ ചായങ്ങൾ കൊണ്ട് നിലത്ത് ഒരുക്കിയ കുരിശ് രൂപം,ബൈബിൾ വചനങ്ങൾ ഒക്കെ ഇടം പിടിക്കും. തെർമ്മോകോൾ,
കാർഡ് ബോർഡ് ഒക്കെ ഉപയോഗിച്ച് കൊച്ച് കുട്ടികൾ ചേർന്നൊരുക്കുന്ന വലിയപള്ളിയുടെ അതേ രൂപം റാസ എത്തുന്ന പാതയിലെ വിശ്വാസ കാഴ്ചകളിൽ കൗതുകമുണർത്തുന്ന മറ്റൊന്നാണ്.
ചൂട്ട് കറ്റ ഒരുക്കുന്നത് മാസങ്ങൾക്ക് മുന്നേ തുടങ്ങുന്നതാണ് . സാധാരണ മാർച്ച് – ഏപ്രിൽ മാസത്തിൽ ചൂട്ട് ശേഖരിച്ച് മഴ ഏൽക്കാതെ സൂക്ഷിക്കും. മറ്റു ചിലർ അതിനു മുന്നെയും ശേഖരിച്ച് വയ്ക്കുക പതിവുണ്ട്. ദൂരെയുള്ള ബന്ധുക്കൾ അവരുടെ വീട്ടിൽ നിന്നുമെത്തിക്കുന്നത് കൂടാതെ , തൊഴിലുറപ്പിന് പോകുന്ന സമയങ്ങളിൽ പരമാവധി ഓല ശേഖരിക്കാനും ഇവിടുത്തുകാർ ശ്രദ്ധിക്കാറുണ്ട്. ഇന്ന് തെങ്ങ് അപൂർവ്വ കാഴ്ചയാകുമ്പോൾ തന്നെ തങ്ങൾ ഇതുവരെ ചൂട്ടിന് ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ലെന്ന് ഭാരതിയും തങ്കമ്മയും പറയുന്നു.

അൻപത് വർഷങ്ങൾക്ക് മുൻപ് മൺ കയ്യാലകൾക്ക് മുകളിൽ ഇരുവശത്തായി നിന്നുമാണ് പുണ്യാളച്ചന് മാർഗ്ഗം കാണിച്ചിരുന്നത്. ഇന്നത് റോഡിന് ഇരു വശവുമായി ആയിരക്കണക്കിന് ചൂട്ടുകൾ കൊന്നയിൽ പടി മുതൽ ഇടത്തിട്ട ജംഗ്ഷൻ വരെ ചങ്ങലപോലെ കാണാനാകും. സാധാരണയായി അഞ്ചടി വരെയുള്ള ചെറിയ ചൂട്ട് കറ്റകളിൽ 3 മുതൽ 4 വരെ കെട്ട്കൾ വരെ ഉണ്ടാകും.”കെട്ട് നാരിനായി” ഉപയോഗിക്കുക പച്ച ഓലകളാണ് പൊതുവെ. ഇതിനായി പ്രത്യേകം ശേഖരിക്കുന്ന പച്ചഓല ഇളം വെയിലിൽ ഇട്ട് വാട്ടി എടുക്കുകയാണ് പതിവെന്ന് വിളയിൽ വീട്ടിൽ അനന്ദനും ബാബു രാജും പറയുന്നു. കൂടാതെ റാസയെ മുന്നിൽ നിന്ന് ആനയിക്കുന്നതിനായി പ്രത്യേകം തയ്യാർ ചെയ്യുന്ന എട്ട് അടിവരെയുള്ള വലിയ ചൂട്ടുകളും ഉണ്ടാകും. മടൽ മാത്രം വെട്ടി മാറ്റി തയ്യാർ ചെയ്യുന്ന ഇത്തരം അഞ്ച് മുതൽ ഏഴ് വലിയ ചൂട്ടുകളിൽ ആദ്യം വെളിച്ചം പകരുന്നത്. ഓല മുറിയാതെയാകും ഈ ചൂട്ട് കെട്ട് തയ്യാർ ചെയ്യുക. പള്ളിയിൽ നിന്നുള്ള വലിയ മെഴുക് തിരിയിലെ വെളിച്ചമാണ് ഇത്തരത്തിൽ പള്ളി വികാരിയിൽ നിന്നും ഏറ്റുവാങ്ങി ആദ്യ ചൂട്ടിലേക്ക് പകരുന്നത്. വലിയ ചൂട്ടിന് 7 മുതൽ 9 കെട്ടുകൾ തന്നെ വേണ്ടി വരും. ചൂട്ട് എരിഞ്ഞ് തീരുന്നതനുസരിച്ച് ഈ കെട്ട് അഴിച്ച് മാറ്റി കൊണ്ടേയിരിക്കും. ആദ്യം ചൂട്ട് പകരുന്നവർ റാസയെ സ്വീകരിച്ച് ഇടത്തിട്ട കവലയിലേക്ക് പുണ്യാളച്ചൻ്റെ എഴുന്നള്ളത്തിനെ ആനയിക്കുകയാണ് പതിവ്. ചൂട്ട് കറ്റ മുഴുവൻ കത്തി തീർന്ന് റാസ കണ്ണിൽ നിന്ന് മറഞ്ഞതിന് ശേഷം മാത്രമേ തങ്ങൾ സ്വഭവനങ്ങളിലേക്ക് മടങ്ങാറുള്ളൂ എന്നും ഈ വർഷത്തെ പെരുന്നാൾ കഴിഞ്ഞാൽ പിന്നെ അടുത്ത വർഷത്തെ പെരുന്നാളിനുള്ള കാത്തിരിപ്പിലാകും തങ്ങളെന്നു ഇവിടെ ജനിച്ച് വളർന്ന അറുപത്തി മൂന്ന് വയസ്സുള്ള രാമനും പറയുന്നു.

വലിയപള്ളിയോടുള്ള ഇവിടുത്തുകാരുടെ വിശ്വാസം അവിടെയും തീരുന്നില്ല. മണ്ഡലകാലത്ത് ശബരിമലയിൽ പോകുന്നവർ ശരണം വിളിയിൽ ചന്ദനപ്പള്ളി പുണ്യാളച്ചനെ വിളിച്ച് പള്ളിക്ക് സമീപമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഒറ്റക്കൽ കുരിശിനെ മൂന്ന് വലം വച്ച് നേർച്ച നൽകിയാണ് പോകുക. മടങ്ങി വരവിലും ഇതാവർത്തിക്കും.കൽകുരിശിൽ എത്താൻ കഴിയാത്തവർ ഇടത്തിട്ടയിലുളള
പുണ്യാളച്ചൻ്റെ
കുരിശടിയിലും അതിനഭിമുഖമായി നിൽക്കുന്ന ഗുരു മന്ദിരത്തിലും ഇടത്തിട്ട ഭഗവതി ക്ഷേത്രത്തിലും യഥാക്രമം പോവുകയും നേർച്ചകൾ സമർപ്പിച്ച് ശബരീശ സന്നിധിയിലേക്ക് യാത്ര തിരിക്കുകയും ചെയ്യാറുണ്ട്.
ഇവിടുത്തെ വിശ്വാസങ്ങളുടെ നേർ ചിത്രങ്ങൾ നമുക്ക് പകർന്ന് തരുന്നത് മാനവ മൈത്രിയുടെയും മതസൗഹാർദ്ധത്തിൻ്റെയും മഹനീയ മാതൃക കൂടിയാണ്. ഇടത്തിട്ടയിലെ ചൂട്ട് വെളിച്ചം ലോകത്തെയാകെ പ്രകാശിപ്പിക്കട്ടെ. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും
പ്രകാശത്തിൽ നിന്നും പുത്തൻ പ്രതീക്ഷകളിലേക്കും..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments