മോസ്‌കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ബഹിഷ്‌കരിച്ച ക്രെംലിനിലെ ചടങ്ങിലാണ് പുടിൻ അധികാരമേറ്റത്.
1999 ൽ തുടങ്ങി ഏകദേശം 25 വർഷമായി പുടിനാണ് റഷ്യയെ നയിക്കുന്നത്. സ്റ്റാലിന് ശേഷം കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയാണ്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്‌ട്ര വേദികളിൽ നിരവധി വിമർശനങ്ങൾക്കിരയായ പുടിൻ 2030 വരെ അധികാരത്തിൽ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയെ നയിക്കുന്നത് വിശുദ്ധ കർമ്മമാണെന്ന് ആയിരുന്നു സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പുടിന്റെ ആദ്യ പ്രതികരണം. പ്രയാസമേറിയ സമയത്തിന് ശേഷം റഷ്യ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും പുടിൻ പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റക്കെട്ടായി നിൽക്കുന്ന വലിയ രാഷ്‌ട്രമാണ് റഷ്യ. അതുകൊണ്ടു തന്നെ ഒരുമിച്ച് ഈ തടസങ്ങളെ അതിജീവിക്കും, ഒരുമിച്ച് വിജയിക്കും പുടിൻ കൂട്ടിച്ചേർത്തു. ഏത് വെല്ലുവിളിയെയും ഭീഷണിയെയും പ്രതിരോധിക്കാവുന്ന വിധത്തിലേക്ക് റഷ്യയുടെ സംവിധാനം മാറണമെന്നും പുടിൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുളള രാജ്യങ്ങൾ റഷ്യയുടെ ക്രൂഡ് ഓയിലിന് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതോടെ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് റഷ്യയെ കൂടുതൽ ആശ്രയിച്ചു തുടങ്ങുകയായിരുന്നു. അതുകൊണ്ടു തന്നെ പുടിൻ വീണ്ടും അധികാരത്തിലെത്തിയതോടെ റഷ്യയും ഇന്ത്യയുമായുളള ബന്ധം കൂടുതൽ ദൃഢമായി തുടരുമെന്നാണ് വിലയിരുത്തൽ.