ദില്ലി: അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താൻ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങൾക്ക് നിർദ്ദേശം നല്കി
അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. സാധാരണ ഈ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഹുൽ രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു.
ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു.
രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനോ കോൺഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ ആവശ്യമാണെന്ന് മോദി പറഞ്ഞു.
ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി മധ്യപ്രദേശിൽ പ്രസംഗിക്കവേ പറഞ്ഞു.