ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ലയന സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കുമെന്നും ചില സാഹചര്യത്തില്‍ അവര്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. അടുത്ത ഏതാനും വര്‍ഷത്തില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുത്ത് പ്രവര്‍ത്തിക്കും. അവരുടെ പാര്‍ട്ടിക്ക് അതാണ് നല്ലതെന്ന വിശ്വാസം വരികയാണെങ്കില്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെക്കുറിച്ചും ആലോചിക്കും എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.
എന്‍സിപി കോണ്‍ഗ്രസുമായി ലയിക്കുമോയെന്ന ചോദ്യത്തോട്, ‘കോണ്‍ഗ്രസും ഞങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ ഗാന്ധി, നെഹ്‌റൂവിയന്‍ ചിന്തയിലാണ് എന്നായിരുന്നു പവാറിന്റെ മറുപടി.
‘ഇപ്പോള്‍ എന്തെങ്കിലും പറയുന്നില്ല. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കാതെ ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണ്. തീരുമാനം കൈകൊള്ളുമ്പോഴോ അല്ലെങ്കില്‍ അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോഴോ കൂടിയാലോചിച്ചേ ചെയ്യു. മോദിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്’ ശരദ് പവാര്‍ പറഞ്ഞു.
സമാനകാഴ്ച്ചപ്പാടുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്കും അനുകൂല നിലപാടാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ അടിയൊഴുക്കുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നേരത്തെ മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തള്ളി മകളും പാര്‍ട്ടി നേതാവുമായ സുപ്രിയ സുലെ രംഗത്തെത്തുകയായിരുന്നു.