തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റായി തിരഞ്ഞെടുത്ത ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടലിനെ ആദരിക്കാൻ നടത്തിയ സൗഹൃദ സായാഹ്നം എന്ന ചടങ്ങ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. ജൂലൈ 29 മുതൽ മൂന്ന് ദിവസം ലണ്ടനിൽ വച്ച് ഗ്ലോബൽ ബിസിനസ് ഫോറം നടത്തുന്ന ആഗോള സംരംഭക സംഗമം വിജയിപ്പിക്കാനുള്ള ആശയ സംവാദ വേദി കൂടി ആയിരുന്നു അത്.
ചാപ്റ്റർ പ്രസിഡന്റ് മോളി സ്റ്റാൻലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവിതാംകൂർ പ്രൊവിൻസ് പ്രസിഡന്റ് ആർ. വിജയൻ, തിരു കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് അബ്ദുള്ള ഖാൻ, മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് സഖറിയ
കണ്ണേത്ത് (ദുബായ് പ്രൊവിൻസ്), ഗ്ലോബൽ സെക്രട്ടറി സി. എ .ബിജു, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു. ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു ആമുഖ പ്രസംഗം നടത്തി. ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടലിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സാനിജേക്കബ്, അബ്ദുള്ള ഖാൻ, തുടങ്ങിയവർ ചേർന്ന് നടത്തിയ ഗാനാലാപനം സൗഹൃദവിരുന്നിനു മാറ്റുകൂട്ടി.
ചലച്ചിത്ര സംവിധായകൻ ദിനേശ് പണിക്കർ, ഏഷ്യാനെറ്റ് മാർക്കറ്റിംഗ് ഹെഡ് അനിൽ അടൂർ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. വി. എസ്. ചന്ദ്രശേഖരൻ, കെ പി സി സി ജനറൽ സെക്രട്ടി എം.ജെ. ജോബ് തുടങ്ങിയവർ പങ്കെടുത്തു.