ജെയിംസ് കൂടല്‍
(ഗ്ലോബല്‍ പ്രസിഡന്റ്, ഒഐസിസി – ഇന്‍കാസ്)
സ്‌നേഹത്തിന്റെ കരുതല്‍ സ്പര്‍ശം. നന്മകൊണ്ട് ലോകം കീഴടക്കിയ ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്‌റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന് വേദനയോടെ വിട. ദൈവവചനത്തിന്റെ വഴിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകളൊക്കെ. മറ്റുള്ളവര്‍ക്ക് കരുതലൊരുക്കി അദ്ദേഹം തീര്‍ത്തത് പകരം വയ്ക്കാനില്ലാത്ത മാതൃകകള്‍. കേരളത്തിന്റെ അടക്കം പ്രതിസന്ധിയുടെ കാലത്ത് അദ്ദേഹം കൈത്താങ്ങായി നിന്നത് നന്ദിയോടെ ഓര്‍ത്തെടുക്കട്ടെ.
വിശേഷിച്ച് മധ്യതിരുവിതാംകൂറില്‍ ബിലീവേഴ്‌സ് ചര്‍ച്ച് നടത്തി വന്ന സേവനങ്ങള്‍ ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. സാധാരണക്കാരനെപോലെ മെത്രാപ്പൊലീത്ത നേരിട്ടിറങ്ങി അതിനെല്ലാം നേതൃത്വം നല്‍കി. സാധാരണക്കാരന് ഇന്നും ആശ്രയമാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രി. വളരെ കുറഞ്ഞ ചിലവില്‍ അവിടെ ചികിത്സ ഒരുക്കുന്നു എന്നതു മാത്രമല്ല അവിടെ കണ്ട സവിശേഷത. നിരാലംബര്‍ക്ക് സൗജന്യ ചികിത്സയും മറ്റ് സഹായങ്ങളും അവിടെ നിന്ന് നേരിട്ട് ലഭിക്കുന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്.
ദൈവവഴിയാണ് ലോകനന്മയെന്ന് അദ്ദേഹം തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരുന്നു. തന്റെ സഭ വളര്‍ത്തുന്നതിനൊപ്പം ലോകത്തിന് തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ ഉറപ്പു വരുത്തുക എന്നതിനും പ്രഥമ പരിഗണന നല്‍കി. വിമര്‍ശനങ്ങള്‍ പലഭാഗത്തു നിന്നുയര്‍ന്നപ്പോഴും തന്റെ നന്മവഴി ഉപേക്ഷിച്ചില്ല. സാധാരണക്കാരനായി ജനിച്ച താന്‍ സാധാരണക്കാരനില്‍ സാധാരണക്കാരനാണെന്ന് ഉറച്ചു വിശ്വസിച്ചു.
ആത്മീയയാത്ര റേഡിയോ പരമ്പരയിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഓരോന്നും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. കൗര്യഗൗരവത്തോടെ ജീവിതത്തെ സമീപിക്കുമ്പോഴാണ് ജീവിതം അതിന്റെ അര്‍ത്ഥതലത്തിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി പകര്‍ന്നു നല്‍കിയ മനുഷ്യസ്‌നേഹി. അദ്ദേഹം നടത്തിവന്ന ജീവകാരുണ്യ, ആതുരസേവനങ്ങള്‍ക്ക് ഇനിയും തുടര്‍ച്ചയുണ്ടാകട്ടെ….