രണ്ടാം ലോകമഹായുദ്ധത്തിൻ പങ്കെടുത്ത പട്ടാളക്കാരൻ 100ാം വയസിൽ വിവാഹിതനാകുന്നു. അമേരിക്കക്കാരനായ ഹാരോൾഡ് ടെറൻസ് ആണ് ജീൻ സ്വെർലിനുമായി വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമാണ്. 96 വയസാണ് ജീൻ സ്വെർലിന്. അടുത്ത മാസം ഫ്രാൻസിൽ വച്ചാണ് വിവാഹം.
റോമിയോ ആൻ്റ് ജൂലിയറ്റിനേക്കാൾ മികച്ചതാണ് തങ്ങളുടെ പ്രണയമെന്ന് ടെറൻസും സ്വെർലിനും പറഞ്ഞു. 1944ൽ ആയിരക്കണക്കിന് പട്ടാളക്കാർ യുദ്ധം ചെയ്യുകയും മരിച്ചുവീഴുകയും ചെയ്ത കാരൻ്റൻ-ലെസ്-മറൈസിൽ വെച്ചാണ് ഹരോൾഡും ജീനും വിവാഹിതരാകുക. നഗര മേയർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
യുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച ഓപ്പറേഷനായ നോർമണ്ടിയിലെ ഡി-ഡേ ലാൻഡിംഗിൻ്റെ 80ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി ജൂൺ 6 ന് യുഎസ് എയർഫോഴ്സ് വെറ്ററൻ ടെറൻസിനെ ആദരിക്കും. ഇതിന് രണ്ട് ദിവസം കഴിഞ്ഞാണ് ടെറൻസിന്റെയും സ്വെർലിന്റെയും വിവാഹ ചടങ്ങുകൾ.
ടെറന്‍സിന് പതിനെട്ട് വയസ് തികഞ്ഞ സമയത്താണ് യുഎസ് നേവി ബേസില്‍ ജപ്പാന്‍ ബോംബാക്രമണം നടത്തിയത്. അന്നത്തെ പല ചെറുപ്പക്കാരെയും പോലെ ടെറന്‍സിനും പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധം നടത്താന്‍ ആഗ്രഹിച്ചു. 20 വയസ് ആയപ്പോഴേക്കും യുദ്ധത്തില്‍ പല ചുമതലകളും വഹിക്കേണ്ടതായും വന്നു. യുദ്ധത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ ടെറന്‍സ് 70കാരിയായ തെല്‍മയെ വിവാഹം കഴിച്ചു. 2018ല്‍ തെല്‍മ മരിച്ചത് ടെറന്‍സിന്റെ ജീവിതത്തില്‍ വലിയ ഷോക്കായിരുന്നു. തുടർന്ന് 2021ല്‍ ഒരു സുഹൃത്ത് വഴിയാണ് ടെറന്‍സ് വിധവയായ ജീന്‍ സ്വെര്‍ലിനെ പരിചയപ്പെടുന്നത്.ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.