കോഴിക്കോട്: മലയാളത്തിലെ ഇതിഹാസ ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാമിന്റെ ജീവിതവും രാഷ്ട്രീയവും ചലച്ചിത്ര സപര്യയും പ്രമേയമയ സിനിമ ‘ജോണ്‍’ വീണ്ടും പ്രദര്‍നത്തിന്. മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ IEFFK യിലാണ് പ്രദര്‍ശനം. ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററില്‍ മേയ് 11 ന് വൈകീട്ട് 3.30 ന് ആണ് പ്രദര്‍ശനം.
സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സംഗീത്ശിവന്റെ സ്മരണയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നുവെന്നാണ് സംവിധായകന്‍ പ്രേംചന്ദ് അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം വൈകീട്ട് 5 മണിക്ക് ‘മലയാള സിനിമയിലെ ജോണ്‍വഴി’ എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറവും നടക്കും. രാംദാസ് കടവല്ലൂര്‍ മോഡറേറ്റ് ചെയ്യുന്ന സെഷനില്‍ വിഗ്നേഷ് പി ശശിധരന്‍, റെബിന്‍ രാജ്, അമല്‍പ്രസി, പ്രേംചന്ദ്, ദീപേഷ് ടി, പികെ സുരേന്ദ്രന്‍, എം നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ജോണ്‍’. മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, എ നന്ദകുമാര്‍ (നന്ദന്‍), ഹരിനാരായണന്‍, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണന്‍ എന്നിവരുടെ ഓര്‍മ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണവും സര്‍ഗ്ഗാത്മക സംവിധാനവും മുക്തയാണ് നിര്‍വ്വഹിച്ചത്.
മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ IEFFK കോഴിക്കോട് ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററില്‍ മെയ് 10 മുതല്‍ 12 വരെയാണ് നടക്കുന്നത്. മൂന്ന് ദിവസംകൊണ്ട് 18 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഏതാണ്ട് എല്ലാ സിനിമകളുടെയും സംവിധായകരും അണിയറപ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. അവരുമായുള്ള മുഖാമുഖങ്ങള്‍, ഓപ്പണ്‍ ഫോറങ്ങള്‍, പുസ്തകപ്രകാശനം എന്നിവയുമുണ്ടാകും.