ന്യൂയോർക്ക്: ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസ്സായി. 143 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് പ്രമേയം പാസ്സായതിനെ വിലയിരുത്തുന്നത്. ലോകം ഫലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾ തുടരും. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനത നിലകൊള്ളുന്നത് എന്നതിന് തെളിവാണ് പ്രമേയം വലിയ ഭൂരിപക്ഷത്തിൽ പാസ്സായത്. ഇസ്രായേൽ അധിനിവേശത്തിന് എതിരാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രമേയം പാസ്സായെങ്കിലും ഇസ്രായേലിന്‍റെ ഗസ്സയിലെ കൂട്ടക്കുരുതുയിൽ മാറ്റമൊന്നുമുണ്ടാകില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 39 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 58 പേർക്ക് പരിക്കേറ്റു. തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.