റായ്പൂർ: ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വെടിക്കോപ്പുകളുൾപ്പെടെ മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. തുടർന്ന് സൈനികരെ കണ്ടതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ, 12-ബോർ റൈഫിൾ, ലോഡിംഗ് റൈഫിളുകൾ എന്നിവ ഉൾപ്പെടെ 12 ആയുധങ്ങളാണ് സ്ഥലത്ത് നിന്നും പിടിച്ചെടുത്തത്.
പ്രദേശത്ത് പരിശോധന നടന്നുവരികയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വെടിവയ്പ്പ് വൈകുന്നേരം അഞ്ച് മണി വരെ തുടർന്നിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ മാസം കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 99 മാവോയിസ്റ്റുകളെയാണ് സൈനികർ വധിച്ചത്.