കാഞ്ഞങ്ങാട്: ഭാര്യക്ക് നേരെ ഐസ്ക്രീം ആസിഡ് ആക്രമണം. പൊള്ളലേറ്റ മകന്റെ നില ഗുരുതരം. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ പി.വി. സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. പിതാവ് കമ്പല്ലൂരിലെ പി.വി. സുരേന്ദ്രനാഥാണ് (49) ആസിഡ് ആക്രമണം നടത്തിയത്. പ്രതിക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്.
ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേൽ വീണത്. പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണം.