തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുമ്പും വിദേശ യാത്രകള്‍ തന്നെ അറിയിച്ചിരുന്നില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നേരത്തെ രാഷ്ട്രപതിയെ കത്തയച്ച് അറിയിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മെയ് ആറിനാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന സ്വകാര്യ വിദേശയാത്ര മുഖ്യമന്ത്രി ആരംഭിച്ചത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗവര്‍ണറും അതൃപ്തി പരസ്യമാക്കുന്നത്.
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണം സംബന്ധിച്ചുള്ള ചോദ്യത്തോട് പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.