ഡൽഹി: ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാറ്റിലും മഴയിലും 2 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് മരങ്ങളും വൈദ്യുതിത്തൂണുകളും കടപുഴകിയിരുന്നു. ഇതോടെ നഗരത്തിൽ വൈദ്യുതി മുടങ്ങി.
മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി ഒൻപതോളം വിമാനങ്ങൾ റദ്ദാക്കി.വെള്ളിയാഴ്ചത്തെ കൊടുങ്കാറ്റിൽ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 77 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
പൊടിക്കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച “യെല്ലോ അലർട്ട്” പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീട് അത് “ഓറഞ്ച് അലർട്ട്” ആയി ഉയർത്തി. സുരക്ഷിത താവളങ്ങളിൽ അഭയം പ്രാപിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക , കഴിയുന്നതും യാത്ര ഒഴിവാക്കുക, മരത്തിനടിയിൽ അഭയം പ്രാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങി നിരവധി ജാഗ്രതാ നിർദ്ദേശങ്ങൾ കാലാവസ്‌ഥവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മെയ് 14 വരെ ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശം തുടരാൻ സാധ്യതയുണ്ടെന്നും ചെറിയ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഐഎംഡി ശാസ്ത്രജ്ഞൻ കൃഷ്ണ മിശ്ര പറഞ്ഞു.