കോഴിക്കോട്: വടകരയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറത്ത് ചേര്‍ത്ത് നിര്‍ത്തുമെന്ന് വടകര ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നാടിനെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ യുഡിഎഫും ആര്‍എംപിഐയും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ കാമ്പയിന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയില്‍ വിഭാഗീയതയുടെ ആദ്യ സ്വരമുയര്‍ത്തിയത് മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവാണ്. വ്യക്തിഹത്യ തൊട്ട്, വര്‍ഗീയ പ്രചരണം വരെ എല്ലാത്തിനെയും താന്‍ തള്ളിപ്പറഞ്ഞു. വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് നൂറ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതാണെന്നും ഷാഫി പറഞ്ഞു.
ഒരു വര്‍ഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ല എന്നത് ജൂണ്‍ നാലിന് വ്യക്തമാകും. കാഫിര്‍ എന്ന സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നില്ലെന്നും ഷാഫി ആരോപിച്ചു. ഒരു വര്‍ഗീയ കക്ഷിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ജനാധിപത്യ വിശ്വാസികളുടെ വോട്ട് മാത്രം മതി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. 1977ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് വിജയിച്ചത്. ഇതാണ് അവസരവാദം. വര്‍ഗീയ പ്രചാരണം നടത്തിയാല്‍ ലാഭം കൊയ്യുക സിപിഐഎം അല്ല. അത് വര്‍ഗീയ കക്ഷികളാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ സിപിഐഎമ്മിന്റെ ഏക മുഖ്യമന്ത്രി കേരളത്തിന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വിദേശത്ത് പോയി. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബിജെപി-സിപിഐഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് കൂട്ടുകെട്ടുണ്ട്. വൈദേകം റിസോര്‍ട്ടില്‍ തനിക്കോ ഭാര്യക്കോ ഷെയറുണ്ടെങ്കില്‍ അത് വി ഡി സതീശന് തന്നേക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടിപ്പോള്‍ ഭാര്യക്ക് ഷെയര്‍ ഉണ്ടെന്ന് സമ്മതിക്കുന്നു. ലാവ്‌ലിന്‍ കേസും മാസപ്പടി കേസും ഒഴിവാക്കാന്‍ വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് ഇ പി ജയരാജനെ പ്രകാശ് ജാവദേക്കറുടെ അടുത്ത് അയച്ചത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ജയരാജനെ തള്ളിപ്പറയാത്തത്.
അശ്ലീല വീഡിയോ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അദ്ദേഹം മൂന്നാഴ്ച അത് മറച്ചു വെച്ചു. അശ്ലീല വീഡിയോ ചീറ്റിയപ്പോഴാണ് വര്‍ഗീയ പ്രചാരണം നടത്തിയത്. കാഫിറെന്ന് വിളിച്ചതിന് തെളിവില്ല. എന്നിട്ടും സ്ഥാനാര്‍ത്ഥി തന്നെ അങ്ങനെ വിളിച്ചുവെന്ന് പറയുന്നു. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നും അവസാന നിമിഷം വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ശ്രമം നടന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മുസ്ലീങ്ങള്‍ക്കെതിരെ പറഞ്ഞു. ജനസംഖ്യ വര്‍ധിച്ചു വരുന്നതായാണ് ആദ്ദേഹത്തിന്റെ ആക്ഷേപം. എന്നാല്‍ തന്റെ കയ്യില്‍ സെന്‍സസ് ഡാറ്റയുണ്ട്. ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.ആ ബിജെപിയും വടകരയിലെ സിപിഐഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? രണ്ട് പേരുടെതും ഒരേ രീതിയാണ്.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെ ഇളകി മറിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത് വടകര മാത്രമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി. തനിക്ക് പോലും അസൂയയായിപ്പോയെന്നും പിന്നെ സിപിഐഎമ്മിന് ഇല്ലാതിരിക്കുമോ എന്ന് സതീശന്‍ ചോദിച്ചു