പത്തനംതിട്ട: നെല്ല് സംഭരിക്കാത്തതോടെ പ്രതിസന്ധിയിലായി പത്തനംതിട്ട പന്തളം കരിങ്ങാലിപുഞ്ചയിലെ കർഷകർ. കൂടുതൽ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുമടകൾ കർഷകരെ വലയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ് പാടശേഖരസമിതി. കൊയ്ത്തു കഴിഞ്ഞിട്ട് ദിവസങ്ങളായി. നല്ല വിളവും ഇക്കുറി കിട്ടി. പക്ഷെ സംഭരണം പാളി. നാനൂറ് ഏക്കർ വരുന്ന വാരുകൊല്ല, വലിയ കൊല്ല പാടശേഖരങ്ങളിലെ കർഷകർ വലിയ പ്രതിസന്ധിയിലാണ്.
കൂടുതൽ കിഴിവിനൊപ്പം, നെല്ല് പാറ്റി തന്നാൽ മാത്രമെ സംഭരിക്കൂവെന്നാണ് മില്ലുടമകളുടെ നിലപാട്. ഇരുന്നൂറ് ടണ്ണിനടുത്ത് നെല്ലാണ് സംഭരിക്കാതെ കിടക്കുന്നത്. മഴവന്നാൽ അധ്വാനമെല്ലാം വെള്ളത്തിലാകും. കടംവാങ്ങി കൃഷിയിറക്കിയവർ ഇപ്പോഴെ പ്രതിസന്ധിയിലാണ്. സപ്ലൈകോ ഉദ്യോഗസ്ഥർ മില്ലുടമകളുമായി സംസാരിച്ച് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാണ് നെൽകർഷകരുടെ ആവശ്യം.