പി കെ കുഞ്ഞാലിക്കുട്ടിയുടെ “മലപ്പുറം സ്നേഹം” ഇപ്പോൾ ഉണ്ടാകുന്നതിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ടെന്ന് കെ ടി ജലീൽ. അത് ലീഗിൻ്റെ അതിസങ്കുചിത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്‌ട്രീയമാണ്. ഹയർ സെക്കൻ്ററിയിൽ 20% സീറ്റ് വർധനവ് പുതിയതല്ല. ലീഗ് ഭരിച്ച കാലം മുഴുവൻ ഈ വർധനവ് അനുവദിച്ചിരുന്നു.
അന്ന് എംഎസ്എഫോ യൂത്ത്‌ലീഗോ ജമാഅത്തെ ഇസ്ലാമിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ഏറ്റവുമവസാനം 2011 മുതൽ 2016 വരെ ലീഗിൻ്റെ വിദ്യാഭ്യാസമന്ത്രി +2 പഠനത്തിന് 20 ശതമാനം സീറ്റ് വർധനവ് അനുവദിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്‌തവരാണ് ലീഗിൻ്റെ കുട്ടികൾ എന്നും ജലീൽ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
മലപ്പുറത്തെ +2 സീറ്റുകളുടെ കുറവ് ശാശ്വതമായി ഇടതുപക്ഷ സർക്കാർ പരിഹരിക്കും. സംശയം വേണ്ട. പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. ആ ഓർമ്മ കമ്മ്യുണിസ്റ്റ് വിരുദ്ധത മൂത്ത് സമചിത്തത നഷ്‌ടപ്പെട്ടവർക്ക് ഉണ്ടായാൽ രക്ഷപ്പെടുന്നത് കാലങ്ങളായി വഞ്ചിക്കപ്പെടുന്ന ഒരു ജനതയാകുമെന്നും ജലീൽ കുറിച്ചു.
ജലീലിന്റെ കുറിപ്പ് പൂർണരൂപം:
ദയവുചെയ്‌ത് “വടകരപ്പൂത്തിരി” മലപ്പുറത്ത് കത്തിക്കരുത്!മലബാറിൻ്റെ +2 പഠന സൗകര്യം വിപുലപ്പെടുത്താൻ പടിപടിയായി എൽഡിഎഫ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് പ്രശംസനീയമാണ്. “ഞമ്മൻ്റെ മന്ത്രി” വിദ്യാഭ്യാസം കൈകാര്യം ചെയ്‌തിരുന്ന കാലത്തെ (2011-16) അവസാന വർഷം 2015-ൽ മലപ്പുറം ജില്ലയിൽ തുടർന്ന് പഠിക്കാൻ അവസരം കിട്ടാതെ സ്കോൾ കേരളയിൽ +1 ന് പ്രൈവറ്റായി റജിസ്റ്റർ ചെയ്‌ത കുട്ടികളുടെ എണ്ണം 25,000-ത്തിലധികമായിരുന്നു. കഴിഞ്ഞ വർഷം അത് 12,000 ആയി ചുരുങ്ങി. 2023 ൽ മാത്രം മലപ്പുറത്ത് 65 പുതിയ +2 ബാച്ചുകൾ രണ്ടാം പിണറായി സർക്കാർ അനുവദിച്ചതിൻ്റെ ഫലമായിരുന്നു ഈ വലിയ മാറ്റം.
+2 സീറ്റുകളിൽ 20 ശതമാനം മാർജിനൽ സീറ്റു വർധനവ് ആദ്യമായിട്ടല്ല. യുഡിഎഫ് ഭരിച്ചിരുന്ന കാലത്തും വർഷാവർഷം ഈ വർധനവ് നൽകിയിരുന്നു. അന്ന് പക്ഷെ പരിമിതമായ സൗകര്യങ്ങളിലാണ് കുട്ടികൾ ഞെങ്ങി ഞെരുങ്ങി ക്ലാസ്സുകളിൽ ഇരുന്നിരുന്നത്. ആ ഓർമ്മവെച്ചാകും ലീഗ് നേതാക്കളുടെ പ്രതികരണം. ആ കഷ്ടകാലമൊക്കെ എങ്ങോ പൊയ്‌മറഞ്ഞു. തെക്കൻ ജില്ലകളിൽ ലീഗ് ഭരിച്ച കാലത്തും ഒരു ക്ലാസ്സിൽ പത്തും ഇരുപതും കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. അന്നില്ലാത്ത “മലപ്പുറം സ്നേഹം” ഇപ്പോൾ ഉണ്ടാകുന്നതിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. അത് ലീഗിൻ്റെ അതിസങ്കുചിത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്‌ട്രീയമാണ്.
ഹയർ സെക്കൻ്ററിയിൽ 20% സീറ്റ് വർധനവ് പുതിയതല്ല. ലീഗ് ഭരിച്ച കാലം മുഴുവൻ ഈ വർധനവ് അനുവദിച്ചിരുന്നു. അന്ന് എംഎസ്എഫോ യൂത്ത്‌ലീഗോ ജമാഅത്തെ ഇസ്ലാമിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ഏറ്റവുമവസാനം 2011 മുതൽ 2016 വരെ ലീഗിൻ്റെ വിദ്യാഭ്യാസമന്ത്രി +2 പഠനത്തിന് 20 ശതമാനം സീറ്റ് വർധനവ് അനുവദിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്‌തവരാണ് ലീഗിൻ്റെ കുട്ടികൾ. +2 മേഖലയിലെ മാർജിനൽ സീറ്റു വർധനവിൻ്റെ ഉത്തരവ് റിസൽട്ട് വരുന്നതിന് മുമ്പേ പുതുക്കി നൽകിയ മന്ത്രി ശിവൻകുട്ടിയുടെ നടപടിക്കെതിരെ “യുദ്ധപ്രഖ്യാപനം” നടത്തുന്നതിലെ അനൗചിത്യം വിവേകശാലികൾ തിരിച്ചറിയാതെ പോകരുത്.
ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തിയതിൻ്റെ ഫലമായി എല്ലാ ഗവ: സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങൾ ഉയർന്നു. കാലഹരണപ്പെട്ട പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ലാബുകളും ലൈബ്രറികളും ടോയ്ലെറ്റുകളും സ്ഥാപിച്ചു. 8 വർഷം മുമ്പുണ്ടായിരുന്ന ചോർന്നൊലിക്കുന്ന ക്ലാസ് റൂമുകളല്ല ഇന്നുള്ളത്. സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ അടിമുടി മാറി. ഇന്ന് സർക്കാർ വിദ്യാലയങ്ങളുടെ ക്ലാസ്‌മുറികളിൽ സ്ഥലപരിമിതി മൂലം വിദ്യാർത്ഥികൾ വീർപ്പുമുട്ടുന്നതായി അറിവില്ല. ഫർണിച്ചറുകൾക്ക് ക്ഷാമമില്ല. എന്നിട്ടും പത്ത് സീറ്റുകൾ ഓരോ ബാച്ചിലും കൂട്ടിയത് ജില്ലയോടുള്ള അവഗണനയായി അവതരിപ്പിക്കുന്നത് “വടകര പൂത്തിരി” മലപ്പുറത്തും കത്തിക്കാനുള്ള പുറപ്പാടാണോ എന്ന് സംശയിക്കണം!.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് മലപ്പുറം ജില്ലക്കാണ്. ജില്ലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും പുതിയ കെട്ടിടങ്ങൾ കൊണ്ട് സമൃദ്ധമായി നിൽക്കുന്നത് എത്രമാത്രം കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്. എംഎസ്എഫും യൂത്ത്ലീഗും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും സമരം ചെയ്‌തിട്ടല്ല ഇടതുസർക്കാർ ഇതൊന്നും മലപ്പുറത്തിന് നൽകിയത്. അതിൻ്റെ നേട്ടം അനുഭവിക്കുന്നത് മലപ്പുറം ജില്ലക്കാരാണ്. മലപ്പുറം ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന ക്ലാസ് റൂമുകളുള്ള ഒരു സർക്കാർ സ്‌കൂളിൻ്റെ ചിത്രം (എയ്‌ഡഡ് സ്‌കൂളുകളുടേതല്ല) പങ്കുവെക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകാം. നല്ല കാര്യം ചെയ്‌ത ഗവ:നെ അഭിനന്ദിക്കാൻ സമുദായപാർട്ടിയോ നേതാക്കളോ മുതിർന്നില്ലെന്ന് മാത്രമല്ല പ്രശ്‌ന പരിഹാരത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്‌ത മന്ത്രിയേയും മന്ത്രിസഭയേയും പ്രതിക്കൂട്ടിൽ നിർത്തി “മുസ്ലിം വിരുദ്ധ” ചാപ്പ കുത്താനുള്ള നീക്കമാണ് ദൗർഭാഗ്യവശാൽ നടത്തുന്നത്. മലപ്പുറത്തെ +2 സീറ്റുകളുടെ കുറവ് ശാശ്വതമായി ഇടതുപക്ഷ സർക്കാർ പരിഹരിക്കും. സംശയം വേണ്ട. പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. ആ ഓർമ്മ കമ്മ്യുണിസ്റ്റ് വിരുദ്ധത മൂത്ത് സമചിത്തത നഷ്‌ടപ്പെട്ടവർക്ക് ഉണ്ടായാൽ രക്ഷപ്പെടുന്നത് കാലങ്ങളായി വഞ്ചിക്കപ്പെടുന്ന ഒരു ജനതയാകും.