പന്നിയുടെ വൃക്ക ശരീരത്തിൽ മാറ്റിവെച്ച 62കാരൻ മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലേമാന്റെ മരണം. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്. ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശസ്ത്രക്രിയ. മാർച്ച് 21നാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ, പരീക്ഷണാർഥം മസ്തിഷ്ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകൾ താത്ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ടുപേർക്ക് പന്നികളിൽ നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇരുവരും മാസങ്ങൾക്കുശേഷം മരിച്ചു.
മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. രണ്ടാഴ്ചക്കു ശേഷമാണ് ആശുപത്രി അധികൃതർ ഇതിന്റെ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, റിച്ചാർഡിന്റെ മരണകാരണം വ്യക്തമല്ല. അവയവം മാറ്റിവെച്ചതു മൂലമുള്ള പ്രശ്നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.