ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉൾപ്പെട്ട ഇൻഡി സഖ്യം വിജയിക്കുകയാണെങ്കിൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈനയുടെ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യയെ മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ ‘ കെജ്‌രിവാൾ കി ഗ്യാരന്റി’ എന്ന പേരിൽ 10 വാഗ്ദാനങ്ങളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.
രാജ്യത്ത് 24 മണിക്കൂറും വൈദ്യുതിയുണ്ടായിരിക്കുമെന്നും കറന്റ് കണക്ഷൻ ലഭിക്കാത്ത പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി എത്തിച്ചു നൽകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഡൽഹിയിലും പഞ്ചാബിലും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിനുപുറമെ സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുമെന്നും കെജ്‌രിവാൾ വാഗ്ദാനം നൽകി. ചൈനയുടെ നിയന്ത്രണങ്ങൾ ഇല്ലാതാക്കി ഇന്ത്യയുടെ ഭൂമി തിരിച്ച് പിടിക്കുന്നതിനെ സംബന്ധിച്ചും അഗ്നിവീർ പദ്ധതി നിർത്തലാക്കുന്നതിനെ സംബന്ധിച്ചും കെജ്‌രിവാൾ സംസാരിച്ചു. ഇത്തരത്തിൽ 10 വാഗ്ദാനങ്ങളാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
എന്നാൽ ഇക്കാര്യങ്ങളൊന്നും ഇൻഡി സഖ്യവുമായി താൻ ചർച്ച ചെയ്തിട്ടില്ലെന്നും ഇൻഡി സഖ്യത്തിന് ഇക്കാര്യങ്ങളിൽ എതിർപ്പുണ്ടാകില്ലെന്ന് കരുതുന്നതായും കെജ്‌രിവാൾ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ ദാരിദ്രമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ‘ മോദി കി ക്യാരന്റി’ എന്ന പേരിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ‘കെജ്‌രിവാൾ കി ഗ്യാരന്റി’ എന്ന പേരിൽ വാഗ്ദാനങ്ങളുമായി ആപ്പ് ഇപ്പോൾ രംഗത്തെത്തിയത്.
വികസിത രാജ്യമാകാനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തുന്നത് ലോകം സസൂക്ഷ്മമാണ് ഉറ്റുനോക്കുന്നത്. ഭാരതത്തിന്റെ വളർന്നു വരുന്ന സാങ്കേതികവിദ്യകളിലെ മാറ്റങ്ങളെ കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ഉന്നത നേട്ടങ്ങളെ കുറിച്ചും മറ്റു രാജ്യങ്ങൾ പോലും പുകഴ്‌ത്തുമ്പോൾ ഇന്ത്യയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നില്ലെന്ന രീതിയിലാണ് കെജ്‌രിവാൾ തന്റെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.