ന്യൂഡൽഹി : ഡൽഹിയിലെ നിരവധി ആശുപത്രികള്‍ക്കും ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവളത്തിലേത് കൂടാതെ പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡൽഹി ഫയർ സർവീസ് വ്യക്തമാക്കി.
പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ബോംബ് ഭീഷണി ആദ്യം റിപ്പോർട്ട് ചെയ്തത് ബുരാരി ആശുപത്രിയാണ്. പിന്നാലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലും ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തു. ഇവയ്ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.
‘‘ബുബാരി ആശുപത്രിയിൽ ബോംബ് ഭീഷണിയുമായി ഇമെയിൽ സന്ദേശം എത്തി. ലോക്കൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടൻ തന്നെ സ്ഥലത്തെത്തി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല’’–ഡപ്യൂട്ടി കമ്മിഷണർ (നോർത്ത്) കെ.കെ.മീന പറഞ്ഞു. മേയ് ഒന്നിന് ഡൽഹിയിലെ 100 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.