ഇന്ത്യ നൽകിയ വിമാനങ്ങളും ഹെലികോപ്റ്ററും പറത്താൻ കഴിയുന്നവർ സേനയിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്ന് 76 ഇന്ത്യൻ സൈനികരും പിൻവാങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് ഇന്ത്യ മാലദ്വീപിന് നൽകിയിരുന്നത്.
ഇന്ത്യൻ സൈന്യം നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൈനികർ മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിൽ (എംഎൻഡിഎഫ്) ഇല്ലെന്ന് ഒരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി ഗസ്സൻ മൗമൂൺ പറഞ്ഞു. ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. “പല ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാൽ, വിവിധ കാരണങ്ങളാൽ സൈനികർ പൂർത്തിയായിട്ടില്ല. അതിനാൽ, രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നവരോ ആരും ഇപ്പോൾ സേനയിൽ ഇല്ല” ഗസ്സാൻ മൗമൂൻ പറഞ്ഞു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിർദേശത്തെ തുടർന്ന് 76 ഇന്ത്യൻ സൈനികർ മാലദ്വീപ് വിട്ടിരുന്നു. ഇന്ത്യൻ സൈനികർ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ജീവനക്കാർ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ മാലദ്വീപിന് സഹായമായി നൽകിയ കോപ്ടറുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സാണ് നിർമിച്ചത്.
മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. അധികാരത്തിൽ വന്നതിന് പിന്നാലെ മാലദ്വീപിലെ ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. മാലദ്വീപ് സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽ എത്തിയിരുന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്താണ് ഇന്ത്യ ഡോർണിയർ യുദ്ധവിമാനം മാലദ്വീപിന് നൽകിയത്.