മുംബൈ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ ഹിന്ദി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപിഎലിൽ തീർത്തും ഫോം ഔട്ടാണെങ്കിലും, ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടർച്ചയായാണ് രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ പാണ്ഡ്യയെ ഉൾപ്പെടുത്താൻ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്ക് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും, ബാഹ്യ സമ്മർദ്ദമാണ് മറിച്ചൊരു തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐപിഎലിൽ തീർത്തും മോശം ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാർ, രോഹിത്തിനു കീഴിൽ ഉപനായകനായും അദ്ദേഹത്തെ നിയോഗിച്ചിരുന്നു. ഇതിനിടെയാണ്, പാണ്ഡ്യയെ ടീമിലെടുക്കാൻ അഗാർക്കറിനും രോഹിത്തിനും താൽപര്യമുണ്ടായിരുന്നില്ലെന്ന റിപ്പോർട്ട്. ഈ സീസണിന്റെ ആരംഭത്തിൽ രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയതു മുതൽ ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് അഭ്യൂഹം.
ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മുംബൈ ടീമിൽ ഇപ്പോഴും അത്ര സ്വീകാര്യനല്ലെന്നും ഈ റിപ്പോർട്ടിലുണ്ട്. ടീമിലെ വിദേശ താരങ്ങൾക്ക് ഹാർദിക് പാണ്ഡ്യയുടെ കീഴിൽ കളിക്കുന്നതിൽ വൈമുഖ്യമില്ല. അതേസമയം, ഇന്ത്യൻ താരങ്ങൾക്ക് ഇപ്പോഴും രോഹിത് ശർമയോടാണ് താൽപര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിലേക്കു പതിച്ചതിനു പിന്നാലെ, ഹാർദിക്കിന്റെ ക്യാപ്റ്റൻസിയും ചർച്ചയായിരുന്നു.
ഇതിനെല്ലാം പുറമേയാണ്, ബാഹ്യ സമ്മർദ്ദത്തെ തുടർന്നാണ് ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെന്ന വെളിപ്പെടുത്തൽ. ട്വന്റി20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയെ ടീം ഇന്ത്യയുടെ ഭാവി നായകനായി കാണുന്ന ബിസിസിഐ നേതൃത്വമാണ് ഈ ബാഹ്യ സമ്മർദ്ദത്തിനു പിന്നിലെന്നാണ് പ്രചാരണം.