ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചു മണി വരെ 62.31 ശതമാനം പോളിങ് എന്നാണ് റിപ്പോർട്ട്.
10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെലങ്കാന – 17, ആന്ധ്രാപ്രദേശ് – 25, ഉത്തർപ്രദേശ് – 13, ബിഹാർ – അഞ്ച്, ഝാർഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര – 11, ഒഡിഷ – നാല്, പശ്ചിമ ബംഗാൾ – എട്ട്, ജമ്മു കശ്മീർ – ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. 75.66 ശതമാനത്തോടെ ബംഗാൾ ആണ് മുന്നിൽ. ആന്ധ്രാ പ്രദേശിൽ 68.06 ആണ് പോളിങ്. 35.75 ശതമാനം മാത്രം രേഖപ്പെടുത്തിയ ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്.
വോട്ടെടുപ്പിനിടെ നിരവധിയിടങ്ങളിലാണ് സംഘർഷമുണ്ടായത്. ഉത്തർ പ്രദേശിൽ കള്ളവോട്ടും വോട്ട് ചെയ്യാനെത്തിയവർക്കുനേരെ ഭീഷണിയും ഉണ്ടായതായി സമാജ്‌വാദി പാർട്ടി ആരോപിക്കുന്നു.
പശ്ചിമ ബംഗാളിൽ ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിൽ സി.പി.എം – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ബൂത്തിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.