മുംബൈ: ഖാലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാമത്തെ ഇന്ത്യക്കാരനെയും കാനഡ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയില്‍ അന്വേഷിക്കേണ്ട ഏതെങ്കിലും അക്രമവുമായി ബന്ധപ്പെട്ട തെളിവുകളോ വിവരങ്ങളോ ഒട്ടാവയുടെ പക്കലുണ്ടെങ്കില്‍ അന്വേഷണത്തിന് ന്യൂഡല്‍ഹി തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞു.
കോണ്‍സുലര്‍ സമ്പ്രദായമെന്ന നിലയില്‍ വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് സര്‍ക്കാരിനെയോ രാജ്യത്തിന്റെ എംബസിയെയോ അറിയിക്കുകയാണ് പതിവെന്നും ജയശങ്കര്‍ പറഞ്ഞു.
2023 ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്താണ് 45കാരനായ നിജ്ജാര്‍ കൊല്ലപ്പെട്ടത്.
ഇന്ത്യ- കാനഡ ബന്ധത്തെ വഷളാക്കിയ കൊലപാതകക്കേസില്‍ ആദ്യം മൂന്ന് ഇന്ത്യക്കാരെയാണ് കാനഡ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നാലാമന്‍ അറസ്റ്റിലായത്.
കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. അമന്‍ദീപ് സിംഗാണ് പിടിയിലായ നാലാമന്‍.